Connect with us

Articles

സൗഹൃദത്തിന്റെ കവാടം തുറന്ന്

Published

|

Last Updated

ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ കേരളത്തില്‍ ആദികാലം മുതല്‍ പരസ്പരം സംരക്ഷിച്ചു പോരുന്ന സൗഹൃദ സഹകരണത്തിന് ഭംഗം വരുത്തുന്നതായിരുന്നു സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍. അതിന് കാലുഷ്യത്തിന്റെ ഭാവം കൈവരുന്നതിന് മുമ്പുതന്നെ ഇരു മതങ്ങളിലെയും പ്രമുഖ നേതാക്കള്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നു. ബിഷപ്പ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ മുസ്‌ലിം പ്രതിനിധി സംഘത്തെ നയിച്ച ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി എ എ ഹകീം നഹ നടത്തിയ സംഭാഷണത്തില്‍ നിന്ന്:
• ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധി കേരളത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് ഒരു വിലയിരുത്തല്‍…
= മതങ്ങളെ പരസ്പരം സഹകരിപ്പിക്കുന്നത് അതിന്റെ അനുയായികള്‍ പുലര്‍ത്തുന്ന ആത്മീയ പരിവേഷമാണ്. ഇവിടെ അതിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ സംഭവ വികാസങ്ങളെല്ലാം താത്കാലികവും ഭൗതികവുമായ കാര്യങ്ങളില്‍ നിന്ന് ഉടലെടുത്തതുമാണ്. ഹൈക്കോടതി വിധിയിലല്ല അതിന്റെ ആരംഭം. അത് ഒടുവിലത്തേതാണ്. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി.
• അതൊന്ന് വ്യക്തമാക്കാമോ?
= ബാങ്ക് വിളി കേള്‍ക്കുന്നതില്‍ അസഹിഷ്ണുത, ഹലാല്‍ ഭക്ഷണ വിവാദം, ലവ് ജിഹാദ് എന്ന പേരില്‍ മെനഞ്ഞെടുക്കുന്ന കഥകള്‍, പൗരത്വ ബില്ലിലെ നിലപാടുകള്‍ ഇതെല്ലാം അതിന്റെ ഭാഗമായി ഉണ്ടായതാണ്. ഇവ ഏറെയും തെറ്റിദ്ധാരണയില്‍ നിന്നോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനാലോ ഉത്ഭവിക്കുന്നതാണ്.
• തെറ്റിദ്ധരിപ്പിക്കപ്പെടുക എന്ന് വെച്ചാല്‍ പര പ്രേരണയാല്‍ എന്നല്ലേ. രണ്ട് പ്രബല ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മില്‍ തെറ്റിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമം നടക്കുന്നില്ലേ? ഇങ്ങനെ ഭിന്നിപ്പിക്കുന്നതുകൊണ്ട് അവര്‍ ലക്ഷ്യം വെക്കുന്നതെന്താണ്?
= അത്തരം ശ്രമങ്ങളുണ്ട്. അങ്ങനെയുള്ളവര്‍ എപ്പോഴും അങ്ങനെത്തന്നെയാണ്. ഭിന്നിപ്പിച്ചാലാണ് സ്വന്തം ലക്ഷ്യം നേടാനാകുന്നതെങ്കില്‍ അവര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കും. ഇനി ഒന്നിപ്പിച്ചാലാണ് നേട്ടമെങ്കില്‍ അവര്‍ ഒന്നിപ്പിക്കാനും ശ്രമിക്കും. അവര്‍ക്ക് അവരുടെ കാര്യം മാത്രമാണ് നോട്ടം.
• ലവ് ജിഹാദ് കേരളത്തില്‍ ഇല്ല എന്ന് പോലീസും സര്‍ക്കാറും കോടതിയും എല്ലാം വ്യക്തമാക്കിയിട്ടും ആ തരത്തിലുള്ള പ്രചാരണം വീണ്ടും നടക്കുന്നുണ്ടല്ലോ?
= ജിഹാദിന് അങ്ങനെ ഒരു വകഭേദം ഇല്ല. ജിഹാദ് എന്നാല്‍ സ്ത്രീ-പുരുഷ ഇടപാടുകളൊന്നുമല്ല. മനുഷ്യന്റെ ആത്മാവ്, തന്റെ ശരീരത്തിനുമേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ നടത്തുന്ന നിരന്തര പരിശ്രമമാണ് വലിയ ജിഹാദ്. സ്ത്രീ-പുരുഷ സ്‌നേഹത്തിന്റെ ഒരറ്റത്ത് മുസ്‌ലിം പേര് കാണുമ്പോള്‍ മാത്രം കോയിന്‍ ചെയ്യുന്ന സംജ്ഞയായി ലവ് ജിഹാദ് കൊണ്ടുവരികയാണ്.
• ഇത്തരം കാര്യങ്ങളില്‍ സത്യം അറിഞ്ഞുകൊണ്ട് തെറ്റുകള്‍ പ്രചരിപ്പിക്കുകയല്ലേ ക്രിസ്ത്യന്‍ സഭകള്‍?
= അല്ല. അതിനെ നമ്മള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നത് നല്ലതല്ല. ഇതില്‍ മിക്കവയും സഭകള്‍ പ്രചരിപ്പിച്ചവയോ സഭകളുടെ അറിവോടെ പ്രചരിച്ചവയോ അല്ലായെന്ന് ഈ സന്ദര്‍ശനത്തില്‍ നിന്ന് നമുക്ക് മനസ്സിലായി.
അതിലേറെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നവയാണ്. സോഷ്യല്‍ മീഡിയ ഇടം ആര്‍ക്കും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന ഒന്നാണല്ലോ.
• സീറോ മലബാര്‍ സഭയുടെ ഫേസ്ബുക്ക് പേജുകളിലും സൈറ്റിലുമെല്ലാം അവരുടെ പണ്ഡിതന്മാര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ?
= സോഷ്യല്‍ മീഡിയ, ന്യൂ മീഡിയ, സ്‌ക്രീന്‍ മീഡിയ എന്നിവയൊന്നും വലുതായി ഉപയോഗിക്കുന്നയാളല്ല ഞാന്‍. എന്റെ മുന്നില്‍ വരുന്ന അത്തരം കാര്യങ്ങള്‍ വല്ലപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നേയുള്ളൂ. അങ്ങനെ ചിലതൊക്കെ എന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ മിക്കതും വ്യക്തികളോ ഗ്രൂപ്പുകളോ ചില സംഘടനകളോ ഒക്കെ പറയുന്ന അഭിപ്രായങ്ങളാണ്. അവയൊന്നും സഭയുടെ ഔദ്യോഗിക നിലപാടുകളല്ലെന്ന് സഭാ നേതൃത്വവുമായി സംസാരിച്ചപ്പോള്‍ നമുക്ക് ബോധ്യമായി.
എന്നാല്‍ ഹാഗിയ സോഫിയ വിഷയത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം ചന്ദ്രികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ക്രിസ്ത്യന്‍ സഭകളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതിലുള്ള വേദന അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷിപ്ത ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അങ്ങനെയേ കാണാവൂ എന്നും അതിന് മതത്തെ ഉത്തരവാദിയാക്കരുതെന്നുമാണ് നമ്മുടെ അഭിപ്രായം. കേരള കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങളിലെ പിഴവിന് ക്രിസ്ത്യന്‍ സമുദായത്തോട് ശത്രുത പുലര്‍ത്തുന്നത് ശരിയല്ലല്ലോ?
• ആ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തെ എങ്ങനെയാണ് കാണുന്നത്?
=തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായുള്ള സംഭാഷണത്തിനിടയില്‍ ഞാന്‍ ആ കാര്യം പറഞ്ഞിരുന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. യഥാര്‍ഥത്തില്‍ അങ്ങനെയൊന്നും അച്ചടിച്ചുവിടാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ടാകില്ല. എഴുതാന്‍ ഏല്‍പ്പിച്ചവര്‍ അതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. തൃശൂര്‍ ബിഷപ്പിനും അതേ അഭിപ്രായമാണുള്ളത്. തന്റെ സെക്രട്ടറിയെ ചൂണ്ടി “ഇയാള്‍ കൊണ്ടുവന്നിട്ട് പറയുന്ന എത്രയോ മാറ്ററുകളില്‍ മുഴുവന്‍ വായിക്കാതെ ഞാന്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ ബോധപൂര്‍വം ഒരു ഭിന്നിപ്പിന്റെ ശ്രമം നടന്നിട്ടില്ല.
• ഒടുവിലത്തെ സംഭവമായ ഹൈക്കോടതി വിധിയെ കുറിച്ച് എന്താണ് ചര്‍ച്ച ചെയ്തത്?
= ഞങ്ങള്‍ നടത്തിയത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണ്. ആദ്യമായി നടത്തുന്ന സന്ദര്‍ശനത്തില്‍ തന്നെ അജന്‍ഡ വെച്ച് വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഭംഗിയല്ലല്ലോ. എന്നാലും പുതിയ സംഭവ വികാസങ്ങളൊക്കെ ഞങ്ങളുടെ സംഭാഷണത്തില്‍ കടന്നുവന്നു. ഇപ്പോള്‍ കേസിനു പോയത് സഭയല്ല. സമുദായ നേതാക്കളുമല്ല. ഒരു വ്യക്തിയാണ്. എങ്കിലും ആ കാര്യത്തില്‍ സഭക്ക് അഭിപ്രായവും നിലപാടും ഉണ്ട്.
മുസ്‌ലിം സമുദായത്തിനായി നടപ്പാക്കുന്ന ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എന്ന പേരിലുള്ള പദ്ധതികളിലെല്ലാം അര്‍ഹമായ വിഹിതം ലഭിക്കണം എന്നുമാണത്. അക്കാര്യത്തില്‍ സഭയോട് യോജിക്കുകയാണ് വേണ്ടത്. ഇവിടെ മുസ്‌ലിംകള്‍ക്കായുള്ള പദ്ധതിക്ക് ന്യൂനപക്ഷമെന്ന് പേര് നല്‍കിയിടത്താണ് തെറ്റിയത്. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
• കോടതി വിധി ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണല്ലോ. സ്‌കോളര്‍ഷിപ്പ് വിതരണം നിലച്ചിരിക്കുന്നു. പൂര്‍ണമായും മുസ്‌ലിംകള്‍ക്കുള്ള ഒരു പദ്ധതി മറ്റ് സമുദായങ്ങള്‍ക്കു കൂടി ജനസംഖ്യാനുപാതത്തില്‍ വീതിച്ച് കൊടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വരുന്നത്…
= കോടതി എപ്പോഴും കാര്യങ്ങള്‍ വിലയിരുത്തുന്നത് നിയമത്തിന്റെയും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് നമുക്കറിയാം. ഈ കേസില്‍ വസ്തുതകള്‍ വ്യക്തമായി കോടതിയെ ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് യഥാസമയം അതിനുള്ള ജാഗ്രത ഉണ്ടായില്ല.
• ഇനി എന്താണ് മാര്‍ഗം?
=മാര്‍ഗം നിയമപോരാട്ടവും സര്‍ക്കാറിന്റെ നിലപാടും തന്നെയാണ്. 80:20 എന്ന അനുപാതം സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയില്‍ ഇല്ല. ഈ സ്‌കീം നടപ്പാക്കുന്ന മറ്റൊരു സംസ്ഥാനത്തും 80:20 ഇല്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവശത മാറ്റാന്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അനുവദിച്ചു നല്‍കുന്ന തുകയില്‍ ഒരു വിഹിതം കേരളത്തിലേക്കും വരുന്നതാണ്. അത് അനുവദിക്കപ്പെട്ടതുപോലെത്തന്നെ വിനിയോഗിക്കണം. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളില്‍ വെള്ളം ചേര്‍ത്തതാണ് മുന്‍ സര്‍ക്കാറുകള്‍ ചെയ്ത തെറ്റ്.
അതേസമയം, സര്‍ക്കാര്‍ പദ്ധതികളിലെ ധനവിനിയോഗവും ഉദ്യോഗ നിയമനവുമെല്ലാം ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ഈ വിധിയുടെ വിശാല താത്പര്യം നാം കാണാതിരുന്നു കൂടാ.
• ഈ അഭിപ്രായത്തിലെ സമന്വയ രൂപവത്കരണമായിരുന്നോ സന്ദര്‍ശന ലക്ഷ്യം?
= ഇതര മത നേതാക്കളുമായുള്ള എന്റെ സംഭാഷണവും സന്ദര്‍ശനവും ഇത് ആദ്യത്തേതല്ല. നേരത്തേ പറഞ്ഞതുപോലെ തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായി അദ്ദേഹത്തിന്റെ അരമനയില്‍ കണ്ട് സംസാരിച്ചിരുന്നു. താമരശ്ശേരി ബിഷപ്പുമായി വളരെ നല്ല സൗഹൃദമാണ് നമുക്കുള്ളത്.
• ബിഷപ്പ് ആലഞ്ചേരിയുമായുള്ള സന്ദര്‍ശനത്തിന്റെ അനുഭവം എന്താണ്?
= വളരെ നല്ല അനുഭവമാണ്. സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പാണ് ഞങ്ങള്‍ക്ക് അവിടെ ലഭിച്ചത്. നല്ലൊരു സത്കാരവും ഉണ്ടായി. മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സഹോദരങ്ങളാണെന്നും നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടവര്‍ തന്നെയാണെന്നുമാണ് ബിഷപ്പ് മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടത്.
• എന്താണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടം?
=കാമ്പും ഘനവുമുള്ള രണ്ട് സമുദായങ്ങളുടെ പരമ്പരാഗത സൗഹൃദത്തില്‍ വന്നുപോയേക്കാമായിരുന്ന അകല്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഇരുവര്‍ക്കുമിടയില്‍ ഊഷ്മളമായ സൗഹൃദത്തിന്റെ പുതിയ വാതില്‍ തുറക്കാന്‍ നമുക്കായി എന്നതാണ് ഏറ്റവും വലിയ നേട്ടം. ആ വാതിലിലൂടെയുള്ള സമ്പര്‍ക്കം തുടരുന്നുമുണ്ട്. അദ്ദേഹത്തിന്റെ ഓഫീസും നമ്മുടെ ഓഫീസുമായി നിരന്തര സമ്പര്‍ക്കം ഇപ്പോഴുണ്ട്.
• ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് ഭാവി പരിപാടി?
ജോര്‍ദാനിലെ ആല്‍ ബൈത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിലും അബൂദബിയില്‍ ഭരണകൂടത്തിന്റെ ആതിഥേയത്തിലും കൊറോണക്ക് മുമ്പ് രണ്ട് മത സൗഹൃദ സമ്മേളനങ്ങള്‍ നടന്നു. ആശാവഹമായ വലിയ തീരുമാനങ്ങളെടുക്കാന്‍ ആ സമ്മേളനങ്ങള്‍ക്കായി. കൊറോണ കഴിഞ്ഞാല്‍ ഇന്ത്യയില്‍ അത്തരമൊരു സൗഹാര്‍ദ കൂട്ടായ്മ ഉണ്ടാക്കണം.
മറ്റൊന്ന് കോടതികളില്‍ മതങ്ങളെ സംബന്ധിച്ച കേസുകളുണ്ടാകുമ്പോള്‍ നിയമജ്ഞര്‍ക്ക് പരിശോധിക്കാന്‍ പാകത്തില്‍ ആധികാരിക ഗ്രന്ഥങ്ങള്‍ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ്. മതവിഷയങ്ങളില്‍ വിധി പറയും മുമ്പ് കോടതിക്ക് വിഷയം വകതിരിച്ച് മനസ്സിലാക്കി കൊടുക്കാന്‍ ആശ്രയിക്കാവുന്ന ഒരു പണ്ഡിത സമിതി പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. അതുപോലെ ഇത്തരം കേസുകളിലെല്ലാം സര്‍ക്കാറാണല്ലോ ഒരു കക്ഷി. അങ്ങനെ വരുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗം ശരിയായി കൈകാര്യം ചെയ്യാനായി ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകരില്‍ എല്ലാ മതത്തിലും പെട്ടവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം.
• ഇനിയും സന്ദര്‍ശനങ്ങള്‍ തുടരുമോ?
= തീര്‍ച്ചയായും. അടുത്ത പടി എന്ന നിലയില്‍ ബിഷപ്പ് ആലഞ്ചേരി അവര്‍കളെ നമ്മള്‍ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം വരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായി സംസാരിക്കാന്‍ താത്പര്യമുണ്ടെന്ന് ഇങ്ങോട്ടു പറയുകയായിരുന്നു. കൊറോണയുടെ ഈ സാഹചര്യമൊഴിഞ്ഞാല്‍ അതിന് വേദിയുണ്ടാക്കും.

Latest