Kerala
തറയില്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ്; ഉടമക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

പത്തനംതിട്ട | പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ്. 26.25 ലക്ഷം രൂപയുടെ പരാതികളിന്മേലാണ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒളിവില്‍പ്പോയ ബേങ്ക് ഉടമ സജി സാമിനും കുടുംബാംഗങ്ങള്‍ക്കുമായി ഉടന്‍ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലിസ് പറയുന്നു. എന്നാല്‍ ഇവര്‍ രാജ്യം വിട്ടു പോയെന്ന പ്രചാരണം ജില്ലാ പോലിസ് മേധാവി നിഷേധിച്ചു.
2000 കോടിയുടെ സാമ്പത്തിക ആരോപണ കേസില്‍ നിയമനടപടി നേരിടുന്ന കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ അടുത്ത ബന്ധുവാണ് സജി സാമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. തറയില്‍ ഫിനാന്‍സിലെ നിക്ഷേപകരുടെ പണം കൂടിയ പലിശയ്ക്ക് സജി പോപ്പുലറില്‍ നിക്ഷേപിച്ചിരുന്നുവെന്നും പറയുന്നു. 20 കോടി രൂപയാണ് ഈ വിധത്തില്‍ നിക്ഷേപിച്ചിട്ടുള്ളതത്രേ. 12 ശതമാനം പലിശയാണ് തറയില്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. 17 ശതമാനം പലിശയ്ക്കാണ് സജി പോപ്പുലറിലേക്ക് പണം നല്‍കിയത്. അഞ്ചു ശതമാനം പലിശയാണ് ഈയിനത്തില്‍ ലാഭമായി കിട്ടിയിരുന്നത്.
പോപ്പുലറിന്റെ തകര്‍ച്ചയോടെ തന്റെ നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ സജി ഏറെ ബുദ്ധിമുട്ടി. മറ്റു മാര്‍ഗങ്ങളില്‍ പണം കണ്ടെത്തി ഏഴു മാസം കൂടി സജി നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് പലിശയും മുതലും കൊടുക്കാന്‍ കഴിയാതെ സജി മുങ്ങിയത്.
കാല്‍ ലക്ഷം മുതല്‍ 30 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മകളുടെ വിവാഹത്തിനായി വീടും പറമ്പും വിറ്റു കിട്ടിയ 35 ലക്ഷം രൂപ പത്തനംതിട്ട സ്വദേശി ഇവിടെ നിക്ഷേപിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം നല്‍കാമെന്ന വാഗ്ദാനം ചെയ്താണ് ഈ പണം വാങ്ങിയത്. ഉണ്ടായിരുന്ന കിടപ്പാടം വിറ്റതിനാല്‍ വാടക വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഇതേ പോലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബേങ്ക് പൊട്ടുമെന്ന് മുന്‍കൂട്ടി മനസിലാക്കി പണം പിന്‍വലിക്കാന്‍ ചെന്നവരോടും അവധി പറയുകയാണ് ഉടമ ചെയ്തത്. വസ്തു വിറ്റ് പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വസ്തുക്കള്‍ രഹസ്യമായി വിറ്റ് പണം വാങ്ങിയാണ് ഇയാള്‍ കുടുംബത്തോടൊപ്പം മുങ്ങിയിരിക്കുന്നത്.