International
ആരാണ് നഫ്താലി ബെന്നറ്റ്? ഇസ്‌റാഈലിലെ ഭരണമാറ്റം ഫലസ്തീനികളെ രക്ഷിക്കുമോ?

ജറുസലേം | ഇസ്‌റാഈലിലെ ഭരണമാറ്റം ഫലസ്തീന്‍ വിഷയത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ക്ക് കാരണമാകുമോ എന്നാണ് ലോകജനത ഉറ്റുനോക്കുന്നത്. ബെഞ്ചമിനന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഒരു വ്യാഴവട്ടക്കാലം അവസാനിക്കുമ്പോള്‍ ഫലസ്തീന്‍ ജനതക്ക് ആശ്വസിക്കാന്‍ വകയുണ്ടോ എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ഫലസ്തീന്‍ വിഷയത്തില്‍ നെതന്യാഹുവിനേക്കാള്‍ ഒരു പടി കൂടി തീവ്രത കൂടുതലാണ് നഫ്താലി ബെന്നറ്റിനെന്നാണ് മുന്‍ കാല അനുഭവങ്ങള്‍.
നെതന്യാഹുവിന്റെ മുന്‍ ചീഫ് സ്റ്റാഫ് ആയിരുന്നു 49 കാരനായ നഫ്താലി ബെന്നറ്റ്. നെതന്യാഹുവിനെ പോലെ തന്നെ ഫലസ്തീനെ ഇസ്‌റാഈലിന്റെ ഭാഗമാക്കണമെന്ന കാര്യത്തില്‍ ഉറച്ച നിലപാടാണ് ബെന്നറ്റിനുള്ളത്. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. ഇറാനുമായുള്ള അന്താരാഷ്ട്ര ആണവകരാര്‍ പുനസ്ഥാപിക്കാന്‍ യു എസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും ഭരണത്തിലേറിയ ഉടന്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഗാസ പ്രശ്‌നങ്ങളുടെ മൂലകാരണമായ അധിനിവേശ വെസ്റ്റ് ബാങ്കിലേയും ജറുസലേമിലേയും ജൂത കുടിയേറ്റങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ബെന്നറ്റ്. 2013ല്‍ പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കൗണ്‍സില്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. പിന്നീട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വിവിധ സര്‍ക്കാരുകളില്‍ കുടിയേറ്റ, വിദ്യാഭ്യാസ പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചു.
നെതന്യാഹുവുമായി അടുത്ത സൗഹൃദത്തില്‍ വര്‍ത്തിച്ചയാളാണ് ബെന്നറ്റ്. എന്നാല്‍ നെതന്യാഹുവിന്റെ ഭാര്യ സാറ പൊതുപണം ദുരുപയോഗം ചെയ്തുവെന്നത് ഉള്‍പ്പെടെ പുറത്തുവന്ന അഴിമതി കേസുകളാണ് ഇരുവരും തമ്മില്‍ വഴിപിരിയാനിടയാക്കിയത്. പിന്നീട് നെതന്യാഹുവിനെതിരെ പ്രതിപക്ഷ സഖ്യത്തിന് രൂപം നല്‍കിയാണ് അദ്ദേഹം അധികാരക്കസേരയിലെത്തുന്നത്. ബെന്നറ്റിന്റെ യമിന പാര്‍ട്ടി ഉള്‍പ്പെടെ എട്ട് പാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്. രാഷ്ട്രീയമായി വിവിധ ചേരിയിലാണെങ്കിലും നെതന്യാഹുവിനെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കിയത്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സഖ്യം ഏതുസമയവും പൊളിയാനുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അധികാരം പങ്കുവെക്കലിന്റെ ഭാഗമായി വരുന്ന രണ്ട് വര്‍ഷം മാത്രമായിരിക്കും നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി കസേരയിലിരിക്കുക. തുടര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന യയിര്‍ ലാപിഡിനാണ് അവസരം. യയിര്‍ ലാപിഡിനെ പ്രധാനമന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ ശക്തമായി പറഞ്ഞിരുന്നയാളാണ് ബെന്നറ്റ്. പക്ഷേ രാഷ്ട്രീയ സഖ്യങ്ങളുടെ ഭാഗമായി അദ്ദേഹത്തിന് ഈ നിലപാട് തിരുത്തേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം.
പല പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യമായതിനാല്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബെന്നറ്റിന് നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്. 120 അംഗ പാര്‍ലിമെന്റില്‍ ബെന്നറ്റിന്റെ പാര്‍ട്ടിക്ക് വെറും ഏഴ് അംഗങ്ങള്‍ മാത്രമാണുള്ളത്. പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതെ ഫലസ്തീനികളുമായി പിരിമുറുക്കം കുറയ്ക്കാനും യു. എസുമായി നല്ല ബന്ധം നിലനിര്‍ത്താനുമുള്ള മിതമായ അജണ്ട പിന്തുടരാനായിരിക്കും ബെന്നറ്റ് ശ്രമിക്കുകയെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സാധ്യമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
ആധുനിക ഓര്‍ത്തഡോക്‌സ് ജൂതവിഭാഗത്തില്‍ പെട്ടയാളാണ് നഫ്താലി ബെന്നെറ്റ്. ഈ വിഭാഗത്തില്‍ നിന്ന് ഒരാള്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് ആദ്യമാണ്. അമേരിക്കന്‍ വംശജരായ മാതാപിതാക്കള്‍ക്കൊപ്പം ഹൈഫയിലായിരുന്നു ബെന്നെറ്റിന്റെ കുട്ടിക്കാലം. ഇസ്രാഈലിലും വടക്കേ അമേരിക്കയിലുമായി തുടര്‍ജീവിതം നയിച്ച അദ്ദേഹം സൈന്യത്തിനും സേവനമനുഷ്ടിച്ചിട്ടുണ്ട്. എലൈറ്റ് സയണെറ്റ് മത്കല്‍ കമാന്‍ഡോ യൂണിറ്റിലാണ് ബെന്നറ്റ് പ്രവര്‍ത്തിച്ചത്.
1999 ല്‍ അദ്ദേഹം സിയോട്ട എന്ന ആന്റിഫ്രോഡ് സോഫ്‌റ്റ്വെയര്‍ കമ്പനി സ്ഥാപിച്ച ബെന്നറ്റ് 2005 ല്‍ ആ കമ്പനി യുഎസ് ആസ്ഥാനമായ ആര്‍എസ്എ സെക്യൂരിറ്റിക്ക് 145 മില്യണ്‍ ഡോളറിന് വിറ്റു. 2006ല്‍ ലെബനാനിലെ പോരാളികള്‍ക്ക് എതിരെ നടന്ന യുദ്ധമാണ് തന്നെ രാഷ്ട്രീയത്തില്‍ എത്തിച്ചതെന്ന് ബെന്നറ്റ് പറയുന്നു. ഈ യുദ്ധത്തില്‍ ഇസ്‌റാഈലിന്റെ സൈനിക, രാഷ്ട്രീയ നിലപാടുകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ചുരുക്കത്തില്‍ നെതന്യാഹു മാറി എന്നതിനപ്പുറം യാതൊരു മാറ്റവും ഇസ്‌റാഈലില്‍ സംഭവിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുതന്നെയാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസും പറയുന്നത്. ഭരണമാറ്റം ഇസ്‌റാഈലിന്റെ ആഭ്യന്തര കാര്യമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറയുമ്പോള്‍, ഭരണത്തിന്റെ നിറം മാറുന്നതിന് അപ്പുറം ആ രാജ്യം ഒരു കൊളോണിയല്‍ ശക്തിയായി തുടരുന്നുവെന്ന് ഹമാസ് പ്രതികരിക്കുന്നു. എന്തായാലും ഗാസ വിഷയത്തില്‍ കടുത്ത നിലപാടിലേക്ക് ബെന്നറ്റ് പോകുമോ എന്ന്് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.