National
യു പിയില്‍ അപകടത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് പരാതി

ഗോരഖ്പൂര്‍ | യു പിയില്‍ അപകടത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. പ്രതാപ് ഘട്ടിലെ എ ബി പി ഗംഗ ചാനല്‍ റിപ്പോര്‍ട്ടര്‍ സുലഭ് ശ്രീവാസ്തവയാണ് മരിച്ചത്. ഇന്നലെ രാത്രി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ സുലഭിനെ ബൈക്കില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലഭിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതിനിടെ, സുലഭിന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. പ്രതാപ്ഘട്ടില്‍ പ്രവര്‍ത്തിക്കുന്ന മദ്യമാഫിയയെ കുറിച്ച് സുലഭ് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സുലഭിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. രണ്ട് ദിവസം മുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പ്രതാപ്ഘട്ട് എ ഡി ജി പിക്ക് സുലഭ് പരാതി നല്‍കിയിരുന്നു. കുടുംബത്തിനും തനിക്കും പോലീസ് സുരക്ഷ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പരാതി ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും വിശദമായ അന്വേഷണം നടത്തി യാഥാര്‍ഥ്യം വെളിച്ചത്തു കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.