Connect with us

കോഴിക്കോട് | ജഡ്ജിമാര്‍ക്ക് തെറ്റ് പറ്റിയാല്‍ അത് ചൂണ്ടിക്കാണിക്കാനുള്ള നിലപാട് സമൂഹത്തിനുണ്ടാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ജുഡീഷ്യറിയും വിമര്‍ശന വിധേയമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ “ന്യൂനപക്ഷ ക്ഷേമ പദ്ധതി – കോടതിവിധിയും വസ്തുതയും” എന്ന വിഷയത്തില്‍ നടന്ന വെര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയെ വിമര്‍ശിക്കുന്നത് മഹാപാതകമാണെന്ന അഭിപ്രായത്തോട് വിയോജിപ്പാണെന്നും അങ്ങനെ പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുള്ളയാളാണ് താനെന്നും ജയരാജന്‍ പറഞ്ഞു. ജയിലില്‍ കിടക്കേണ്ടി വന്നാലും ഇനിയും ജഡ്ജിമാര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അതിനെ വിമര്‍ശിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

പിന്നോക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ശാസ്ത്രീയമായ നടപടികള്‍ വേണം. ഇപ്പോഴത്തെ കോടതി വിധി അതിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ മുസ്ലിം പ്രാതിനിധ്യം തുച്ഛമാണെന്ന പാലൊളി കമ്മിറ്റി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നും ഇത് അപഹരിക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും സെമിനാല്‍ ഉദ്ഘാടനം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.

മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങളില്‍ ഒരു കുറവുമുണ്ടാകരുതെന്നാണ് ഞങ്ങളുടെ നയമെന്ന് സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേ പേരില്‍ തന്നെ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രശ്നം വരില്ലായിരുന്നുവെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ് എം എല്‍ എ പറഞ്ഞു.

തുല്യത എന്നത് നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്ന പ്രധാന ആശയമാണെന്നും ആര്‍ട്ടിക്കിള്‍14 എല്ലാവര്‍ക്കും തുല്യതയാണ് ഉറപ്പു നല്‍കുന്നതെന്നും വിഷയാവതരണം നടത്തിയ അഡ്വ:പി യു അലി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷക് ക്ഷേമപദ്ധതി പോലുള്ള വിഷയങ്ങള്‍ ഏറെ കരുതലോടെയും ജാഗ്രതയോടെയുമാണ് പരിശോധിക്കേണ്ടത്. പക്ഷേ ഈ വിഷയത്തില്‍ നീതിപീഡത്തിന് ജാഗ്രത ഉണ്ടായോ എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് ധൃതിപ്പെട്ടുള്ള വിധികള്‍ ഗുണകരമാണോ എന്നതും ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് എംഎല്‍എ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, പത്ര പ്രവര്‍ത്തകന്‍ കെ സി സുബിന്‍ തുടങ്ങിയവരും സംസാരിച്ചു. കെ.ഒ അഹ്മദ്കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു. എസ്.ശറഫുദ്ദീന്‍ സ്വാഗതവും സിഎച്ച് നാസര്‍ നന്ദിയും പറഞ്ഞു.