Connect with us

National

പ്രധാനമന്ത്രി അമിത്ഷായുമായും നദ്ദയുമായും കൂടിക്കാഴ്ച നടത്തി; മന്ത്രിസഭാ അഴിച്ചുപണിക്ക് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 2019 ല്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദി തന്റെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്, പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖംമിനുക്കല്‍ അനിവാര്യമെന്ന ചിന്ത, കോവിഡ് ആഘാതത്തില്‍ തളര്‍ന്ന വിവിധ മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്. കേരളത്തില്‍നിന്ന് പുതിയ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ടെന്നാണ് വിവരം.

ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലും 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി ഘടനയിലും മാറ്റങ്ങള്‍ വരുമെന്നും അഭ്യൂഹങ്ങളുണ്ട്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ മോദിയുമായും ഉച്ചയ്ക്കു ശേഷം നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നല അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു.

Latest