Connect with us

Kerala

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്‌സീനേഷന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രണ്ട് ദിവസത്തേക്കുള്ള വാക്‌സീന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇനി ആവശ്യത്തിനുള്ളത് കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷ. വാക്‌സീന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് യാത്രക്കിടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ പരിയാരത്ത് കൊവിഡ് ചികിത്സയിലായിരുന്ന 104 വയസുള്ള ജാനകിയമ്മ രോഗമുക്തി നേടിയത് സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ മികവിന്റെ ഉദാഹരണമാണ്.

കൊവിഡ് വൈറസിന് ജനിതകമാറ്റ സാധ്യത കൂടുതലാണെന്നതിനാല്‍ ജാഗ്രത വേണം. വൈറസ് വകഭേദങ്ങള്‍ക്ക് അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിടുന്നതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതിനാല്‍, ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ പേര് നല്‍കിയിരിക്കുകയാണ്. ഇവയില്‍ ഡെല്‍റ്റയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റയാണ്. വാക്‌സീന്‍ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഇവക്ക് കഴിയുമെന്നും അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കണം.