Covid19
കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നു; എങ്കിലും ആശ്വസിക്കാറായിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ആശുപത്രിയിലെ രോഗികളുടെ എണ്ണവും കുറഞ്ഞു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മരണ നിരക്ക് കുറവാണ്.
അതേസമയം, ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. ടി പി ആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടുകയും നിയന്ത്രണം ശക്തമാക്കുകയും ചെയ്യും. ടി പി ആര്‍ പത്ത് ശതമാനത്തിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടി പി ആര്‍ കുറയാതെ തുടരുന്നതിനാലാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വൈറസ് സാന്ദ്രത കുറക്കുക പ്രധാനമാണ്. ഇല്ലെങ്കില്‍ രോഗവ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം സംസ്ഥാനത്ത് കൂടുതലാണ്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നത് ചിലര്‍ തുടരുകയാണെന്നും വിഷയത്തില്‍ മാധ്യമങ്ങള്‍ ശക്തമായ നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.