Connect with us

Kerala

രാജ്യ ദ്രോഹക്കുറ്റം; ഭയമില്ല, ജനിച്ച മണ്ണിനായി പോരാടാനുറച്ച് മുന്നോട്ടെന്ന് ഐഷ സുല്‍ത്താന

Published

|

Last Updated

കോഴിക്കോട് | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്രപ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താന. കേസിനെ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കി അവര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. “എന്നില്‍ ഇല്ലാത്തതും അവരില്‍ ഉള്ളതും ഒന്നാണ് “ഭയം” ജയ് ഹിന്ദ്” – ഇതായിരുന്നു ഐഷ സുല്‍ത്താനയുടെ പ്രതികരണം.

കേസ് കൊടുത്ത ബി ജെ പി നേതാവ് ലക്ഷദ്വീപ്കാരനാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ താന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്ന് ഐഷ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നും എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എഫ് ഐ ആര്‍ ഇട്ടിട്ടുണ്ട്…
രാജ്യദ്രോഹ കുറ്റം
പക്ഷെ
സത്യമേ ജയിക്കൂ…
കേസ് കൊടുത്ത ബി ജെ പി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും.
നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കും.

ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്…
ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ്… ഭയം…
തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്
എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്…

ലക്ഷദ്വീപ് സ്വദേശിനിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസാണ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബി ജെ പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 എ , 153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

ദ്വീപ് ജനതയെ ദുരിതത്തിലാക്കുന്ന ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ പേരിലായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചത്. ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഐഷ സുല്‍ത്താന പിന്നീട് വ്യക്തമാക്കിരുന്നു.
ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം രംഗത്തെത്തി. കലാകാരിയായ ഐഷ സുല്‍ത്താനക്കൊപ്പം ലക്ഷദ്വീപിലെ സാംസ്‌കാരിക സമൂഹം ഉറച്ചു നില്‍ക്കുമെന്നും ഐഷ നടത്തിയ പ്രസ്താവനയെ രാജ്യദ്യോഹ പരമര്‍ശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം അഭിപ്രായപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest