Editorial
അഴിമതി മുക്തമാകണം കെ എസ് ആര്‍ ടി സി

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ നടന്ന (കെ എസ് ആര്‍ ടി സി) 100.75 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. ഫണ്ട് മാനേജ്‌മെന്റില്‍ 2010 മുതല്‍ ഗുരുതരമായ ക്രമക്കേട് നടന്നു വരുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടിലും കെ എസ് ആര്‍ ടി സി ധനകാര്യ വകുപ്പിലെ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. 100.75 കോടി ചെലവാക്കിയതിനു കൃത്യമായ രേഖകളില്ല, 2011 മുതല്‍ 2013 വരെ ചീഫ് ഓഫീസില്‍ നിന്ന് യൂനിറ്റുകളിലേക്ക് നല്‍കിയ തുകകള്‍ രേഖപ്പെടുത്തിയിട്ടില്ല, ബേങ്ക്, ട്രഷറി വഴി നത്തിയ ഇടപാടുകളുടെ കണക്കുകളില്ല എന്നെല്ലാം അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരില്‍ ഒരാള്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ഒരാള്‍ പിരിഞ്ഞ് പോയി. രണ്ട് പേര്‍ മറ്റു വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയവരുമാണ്. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് ഗതാഗത മന്ത്രി ആന്റണി രാജു, വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.
ഈ നൂറ് കോടി രൂപയുടെ ക്രമക്കേടുകളിലൊതുങ്ങുന്നില്ല കെ എസ് ആര്‍ ടി സിയിലെ തട്ടിപ്പുകളും വെട്ടിപ്പുകളും. കോര്‍പറേഷനു വേണ്ടി സ്‌പെയര്‍ പാര്‍ട്‌സുകളും പെയിന്റും വാങ്ങിയതില്‍ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡിപ്പോകളോ മറ്റു ബന്ധപ്പെട്ടവരോ ആവശ്യപ്പെടാതെ 3.14 കോടിയുടെ സ്‌പെയര്‍ പാര്‍ട്‌സുകളാണ് 2010 മുതല്‍ 2013 വരെയായി വാങ്ങിക്കൂട്ടിയത്. മൂന്ന് വര്‍ഷത്തോളം ഉപയോഗിക്കാതെ കെട്ടിക്കിടന്ന ഈ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അവസാനം തുരുമ്പെടുത്തതിനെ തുടര്‍ന്ന് ആക്രി വിലക്ക് വിറ്റൊഴിവാക്കുകയായിരുന്നു. 99 യൂനിറ്റുകളില്‍ നടന്ന പരിശോധനയിലാണ് ഇത്രയും അഴിമതി കണ്ടെത്തിയത്. മുഴുവന്‍ യൂനിറ്റുകളിലും പരിശോധന നടത്തിയിരുന്നെങ്കില്‍ നഷ്ടസംഖ്യ ഇനിയും വര്‍ധിക്കുമായിരുന്നു.
ഗുണനിലവാരമുള്ള പെയിന്റിനു പകരം തീരെ നിലവാരം കുറഞ്ഞത് വാങ്ങിയാണ് പെയിന്റിംഗ് ഇടപാടിലെ വെട്ടിപ്പ് നടന്നത്. ഇതുവഴി കോര്‍പറേഷന് 2011ല്‍ 2.12 കോടി രൂപയുടെയും 2012ല്‍ 2.17 കോടിയുടെയും 2013ല്‍ 2.19 കോടിയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല. പെയിന്റിന് ഗുണനിലവാരമില്ലെന്ന് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞ ഒരു എം പാനല്‍ ജീവനക്കാരനെ മിനുട്ടുകള്‍ക്കുള്ളില്‍ പിരിച്ചുവിട്ട ചരിത്രവും കോര്‍പറേഷനു പറയാനുണ്ട്.
ധനകാര്യ വകുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുകയാണ്. വലിയ ശമ്പളം പറ്റുന്ന പല സ്ഥിരം ജീവനക്കാരും തങ്ങളുടെ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തി ഇഞ്ചി കൃഷി, കാപ്പി കൃഷി, ട്യൂഷന്‍ തുടങ്ങി മറ്റു പല ജോലികളിലും ഏര്‍പ്പെടുന്നു. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടുന്നു. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. പല ഡിപ്പോകളിലും എം പാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരു വിഭാഗം ജീവനക്കാര്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ബസ് സര്‍വീസുകളില്‍ ക്രമക്കേടുകള്‍ കാണിക്കുന്നു എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. നിലവില്‍ 7,000ത്തില്‍ അധികം ജീവനക്കാര്‍ അധികമുണ്ട്.
ഘട്ടം ഘട്ടമായി മൂന്നോ നാലോ വര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറക്കുന്നതുള്‍പ്പെടെ സ്ഥാപനത്തിന്റെ നഷ്ടം കുറക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1937ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് എന്ന പേരില്‍ ആരംഭിച്ച പൊതു ഗതാഗത സംവിധാനമാണ് ഇന്നത്തെ കെ എസ് ആര്‍ ടി സി. കേരള സര്‍ക്കാറിന്റെ വിജ്ഞാപന പ്രകാരം 1965 മാര്‍ച്ച് 15നാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സ്ഥാപിതമായത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് സ്ഥാപനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചത് വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തി. ഇതോടെ സാമ്പത്തിക പ്രതിസന്ധി പിന്നെയും രൂക്ഷമായി. പ്രതിദിന കലക്്ഷന്‍ നാലര കോടി രൂപക്ക് മുകളില്‍ കിട്ടിയിരുന്ന സ്ഥാനത്ത് ഒന്നര കോടിയാണ് നിലവിലെ കലക്്ഷന്‍. ഇത് ഡീസല്‍ അടിക്കാന്‍ പോലും തികയുന്നില്ലെന്നാണ് എം ഡി പറയുന്നത്. നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സ്വയംഭരണ പദവിയുള്ള സ്ഥാപനമാക്കി കെ-സ്വിഫ്റ്റ് എന്ന പേരില്‍ കമ്പനി രൂപവത്കരിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ യൂനിയനുകളുടെ എതിര്‍പ്പ് മൂലം അതും നടന്നില്ല.
അതിനിടെയാണ് ജീവനക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
സ്ഥാപനത്തിലെ പ്രതിസന്ധിക്കു കാരണങ്ങള്‍ പലതുണ്ടെങ്കിലും ജീവനക്കാരില്‍ പലരുടെയും ആത്മാര്‍ഥതക്കുറവും കൂറില്ലായ്മയുമാണ് ഇതില്‍ മുഖ്യം. നിലവിലെ എം ഡി മാത്രമല്ല, ഇതിനു മുമ്പ് കോര്‍പറേഷനെ നയിച്ച മേധാവികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവര്‍ ഇതിനെതിരെ അന്വേഷണങ്ങള്‍ക്കോ നിയമ നടപടികള്‍ക്കോ മുതിരുമ്പോള്‍, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യൂനിയന്‍ നേതാക്കള്‍ അത് അട്ടിമറിക്കുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ച അന്വേഷണത്തിനെങ്കിലും ഈ ഗതി വരരുത്. ഒരുവിധ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ വിജിലന്‍സ് അന്വേഷണ തീരുമാനവുമായി മുന്നോട്ടു പോകണം. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ബന്ധപ്പെട്ടവര്‍ ഇതിന് ആര്‍ജവം കാണിച്ചാല്‍ മാത്രമേ സ്ഥാപനത്തിന്റെ ശാപമായി മാറിക്കഴിഞ്ഞ അഴിമതിയില്‍ നിന്ന് അതിനെ മോചിപ്പിക്കാനാകുകയുള്ളൂ.