Kerala
സുരേന്ദ്രനെ കേസുകളില്‍ കുരുക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി ബി ജെ പി

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വിവിധ കേസുകളില്‍ കുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഗവര്‍ണര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ നിവേദനം. ബി ജെ പി നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണെന്ന് നിവേദനത്തില്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലും, മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കേസിലും കെ സുരേന്ദ്രനെ കുരുക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാന ആരോപണം. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്.
ബി ജെ പിയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. കള്ളക്കേസുകളുണ്ടാക്കി നേതാക്കളെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കൊടകര കേസില്‍ ഒരു ഐ പി എസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതാണ്. പിന്നീട് സി പി എം അനുകൂലികളായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ നിയോഗിക്കുകയായിരുന്നു. ബി ജെ പി നേതാക്കളെ കുരുക്കാനാണ് ഈ നീക്കമെന്നും കുമ്മനം പറഞ്ഞു.
ധര്‍മരാജന്‍ പണത്തിന്റെ ഉറവിടം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറെയും അറിയിച്ചിട്ടുണ്ട്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതെന്ന് സുന്ദര റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ പറഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സുരേന്ദ്രനെ കുരുക്കാന്‍ സി പി എം നേതാവിന്റെ പരാതി കരുവാക്കുകയാണെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു.