Connect with us

Kerala

ബൂത്ത്തലം മുതല്‍ പാര്‍ട്ടിയില്‍ പുനഃസംഘടന: കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം | അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധീകരന്‍. പാര്‍ട്ടിയില്‍ ബൂത്ത്തലം മുതല്‍ പുനഃസംഘടനയുണ്ടാകും. ഗ്രപ്പുകള്‍ക്കതീതമായാകും താന്‍ പ്രവര്‍ത്തിക്കുക. മൂന്ന് മാസത്തിനകം കെ പി സി സി പുനഃസംഘടിപ്പിക്കും. കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നതാണ് പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോള്‍ പാര്‍ട്ടിയില്‍ അപചയം സംഭവിച്ചു. ഇതിന് മാറ്റം വേണം. ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ നിന്നുള്ളയാളാണ് താന്‍. കെ പി സി സി പ്രസിഡന്റ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അതൊക്കെ മനസിലാക്കുന്നു. ഇപ്പോള്‍ നേതൃപദവി നല്‍കിയതിന് ഹൈക്കമാന്‍ഡിന് നന്ദി. വിജയിച്ച കെ പി സി സി പ്രസിഡന്റാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.
കെ പി സി സിക്ക് 51 അംഗ കമ്മിറ്റിയാണ് മനസിലുള്ളത്. നേതാക്കളുടെ എണ്ണമല്ല വണ്ണമാണ് കാര്യം. ഓരോ ആള്‍ക്കും വ്യത്യസ്തമായ സ്വഭാവം, ശൈലി, സംസാരം ഒക്കെയുണ്ട്. അത് സെല്‍ഫ് ഐഡന്റിറ്റിയാണ്. ഞാനിങ്ങനെയാണ്, അതില്‍ മാറ്റമുണ്ടാകില്ല. അടിത്തട്ടില്‍ നിന്ന് വന്നവനോ കെട്ടിയിറക്കിയവനോയല്ല താന്‍. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നവനാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പരുക്കന്‍ സ്വഭാവമുണ്ട്. അത് ആരെയും അലോസരപ്പെടുത്തുന്നതല്ല.

താന്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ സി പി എമ്മിനും പൊളിറ്റ് ബ്യുറോ അംഗം എം എ ബേബിക്കുമൊക്കെ ഭയമുണ്ട്. തന്നിലൂടെ കോണ്‍ഗ്രസ് കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളെ കുറിച്ചുള്ള ആശങ്കയാണ് അവര്‍ക്ക്. ഇടതുപക്ഷത്തിന്റെ എന്‍ ഒ സി വാങ്ങിവേണ്ട എനിക്ക് ബി ജെ പിയില്‍ പോകാന്‍. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് മരിക്കാനാണ് ആഗ്രഹം. കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സി പി എം ഭയക്കുന്നുണ്ട്. കേരളത്തില്‍ ബി ജെ പി ദുര്‍ബലമാണ്, ശക്തരല്ല. കേരളത്തില്‍ ഒരിക്കലും ശക്തി നേടാന്‍ ബി ജെ പിക്ക് കഴിയില്ല. ഇവിടെ സി പി എമ്മിന്റെ ഫാസിസവും ഏകാധിപത്യവുമാണ്. എതിര്‍ക്കപ്പെടേണ്ടത് സി പി എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest