Connect with us

Health

ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണം; മഴക്കാലത്ത് വർധിക്കുമെന്ന് വിദഗ്ധ മുന്നറിയിപ്പ്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസിഡ് പൊള്ളലിന് സമാനമായ ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണ ഭീതി. മഴക്കാലത്താണ് ഇതിന്റെ ആക്രമണം കൂടാൻ സാധ്യതയെന്നിരിക്കെ ജാഗ്രത പാലിക്കാനാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രധാനമായും പൊന്തക്കാടുകളുള്ള സ്ഥലത്താണ് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ടിന്റെ ആക്രമണം ഉണ്ടാകുന്നത്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ മാരകമാകുന്ന ഇവയുടെ ആക്രമണം സംസ്ഥാനത്ത് വർധിച്ചുവരികയാണ്. കൊച്ചിക്ക് പിന്നാലെ ഇപ്പോൾ ആലപ്പുഴയിലും വണ്ടിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തതോടെയാണ് കൊവിഡ് കാലത്ത് മറ്റൊരു ഭീതി. മനുഷ്യ ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിൽ വന്നിരിക്കുന്ന ചെറിയ ഇനത്തിലുള്ള ഈ വണ്ടിന്റെ ശരീരത്തിൽ നിന്നുള്ള സ്രവമാണ് അപകടകാരിയാകുന്നത്. ത്വക്കിൽ സ്പർശിക്കുമ്പോൾ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. മുഖം, കഴുത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും വണ്ട് ആക്രമിക്കുക.

കൂടുതൽ സമയം ഇതിന്റെ സ്രവം ശരീരത്തിൽ നിന്നാൽ പൊള്ളലിന്റെ തീവ്രത കൂടും. ആസിഡ് പൊള്ളലിന് സമാനമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ശക്തമായ വേദനയുമുണ്ടാകും. കൂടുതൽ ഭാഗത്ത് സ്രവം ആയിട്ടുണ്ടെങ്കിൽ പൊള്ളലിന്റെ രൂക്ഷത വർധിക്കും. ദിവസം കൂടുന്നതോടെ അസ്വസ്ഥതകൾ കൂടിവരും. പിന്നീട് തൊലി അടർന്നു പോകുകയും ചെയ്യും. നല്ല വേദന, പുകച്ചിൽ, നീറ്റൽ എന്നിവ ലക്ഷണങ്ങളാണ്. പൊള്ളൽ വലിയ വ്രണമായി മാറുമെന്നും വിദഗ്ധർ പറയുന്നു.
ആലപ്പുഴ ഇന്ദിരാ ജംഗ്ഷന് സമീപം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് മാനേജർ തോണ്ടൻകുളങ്ങര നികർത്തിൽ രഞ്ജിത് രമേശനാണ് വണ്ടിന്റെ ആക്രമണത്തിന് ഇരയായത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ആണെന്ന് വ്യക്തമായത്. രഞ്ജിത് രമേശൻ രാവിലെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിൽ തിരിച്ചെത്തിയെങ്കിലും വൈകുന്നേരമായപ്പോൾ വേദന അസഹ്യമായി. വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ താത്കാലികമായി ഉപയോഗിക്കാനുള്ള മരുന്ന് നൽകി. എന്നാൽ അടുത്ത ദിവസമായപ്പോൾ കാലിലെ പൊള്ളൽ രൂക്ഷമാകുകയാണ് ചെയ്തത്.

കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയിൽ നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ വണ്ടിന്റെ ആക്രമണത്തിൽ പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കാക്കനാട്ട് അസ്വസ്ഥതകളുണ്ടായ നിരവധി പേർക്ക് എന്താണ് സംഭവിച്ചതെന്ന് തുടക്കത്തിൽ വ്യക്തമായിരുന്നില്ല. ബ്ലാക്ക് ഫംഗസാണെന്ന് കരുതി പലരും പരിഭ്രാന്തരായി. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് ആക്രമണം നടത്തിയത് ബ്ലിസ്റ്റൽ ബീറ്റിൽ വണ്ടുകളാണെന്ന് വ്യക്തമായത്.

മരുന്നുകൾ ലഭ്യമാണെങ്കിലും പൊള്ളൽ ഉണങ്ങാനും തൊലി സാധാരണ നിലയിലേക്ക് മാറാനും രണ്ടാഴ്ചയിലധികമെടുക്കും. പൊള്ളൽ മാറിയാലും കറുത്ത അടയാളം ത്വക്കിൽ തന്നെ അവശേഷിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഇത്തരത്തിലുള്ള വണ്ടുകളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ പൊന്തക്കാടുകൾ കുറഞ്ഞതോടെ ഇപ്രാവശ്യം ഇവയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലായിരുന്നു ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നത്.

ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണം
ബ്ലിസ്റ്റര്‍ ബീറ്റില്‍ (ആസിഡ് ഫ്ളൈ) ഒരു ഷഡ്പദമാണ്. വീട്ടിനകത്ത് ബെഡിലും ഇരിപ്പിടത്തിലുമൊക്ക ഈ വണ്ടുകള്‍ വന്നിരിക്കാനുള്ള സാധ്യതയുണ്ട്. ശരീരത്തിന്റെ തുറന്നിട്ട ഭാഗങ്ങളിലാണ് പ്രധാനമായും ഇവ അക്രമിക്കുക. ഡെര്‍മറ്റൈറ്റിസ് എന്ന ത്വക് രോഗമുണ്ടാക്കുന്നത് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആണ്. മഴക്കാലത്താണ് ഇവയുടെ ആക്രമണം കൂടുതല്‍. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും. രാത്രി ലൈറ്റണച്ചാലും മൊബൈല്‍ ഫോണ്‍ ഓണാക്കിയാല്‍ ഇവ ആകര്‍ഷിക്കപ്പെടും. ഇവ ശരീരത്തില്‍ വന്നിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തുടച്ച് നീക്കുന്നതിന് പകരം തട്ടിക്കളയുക. പൊള്ളലേറ്റാല്‍ ഉടന്‍ ചര്‍മ വിദഗ്ധനെ കാണിക്കുക.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്