Connect with us

Editorial

നെതന്യാഹു പടിയിറങ്ങുമ്പോള്‍

Published

|

Last Updated

ഇസ്‌റാഈലില്‍ ഒരു വ്യാഴവട്ടം പിന്നിട്ട ബെഞ്ചമിന്‍ നെതന്യാഹു വാഴ്ചക്ക് അന്ത്യമാകുകയാണ്. ഫലസ്തീന്‍ ജനതയോട് സമാനതകളില്ലാത്ത ക്രൂരത കാണിച്ചും ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശം നടത്തിയുമാണ് നെതന്യാഹു പടിയിറങ്ങുന്നത്. ഭരണ നേട്ടമായി ഇസ്‌റാഈല്‍ ജനതക്ക് മുമ്പില്‍ അദ്ദേഹത്തിന് വെക്കാനുള്ളത് ഫലസ്തീന്‍വിരുദ്ധ നീക്കങ്ങള്‍ മാത്രമാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ യുദ്ധക്കുറ്റത്തിന് വിചാരണക്ക് വിധേയനാകേണ്ട രാഷ്ട്രത്തലവന്‍മാരുടെ കൂട്ടത്തിലാണ് നെതന്യാഹുവിന്റെ സ്ഥാനം. അമേരിക്കയുടെ വീറ്റോ ബലത്തില്‍ അദ്ദേഹം ഒരുപക്ഷേ, വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. അപ്പോഴും ഗസ്സയില്‍ മരിച്ചുവീണ കുഞ്ഞുങ്ങളുടെ ചോര ചരിത്രത്തില്‍ മായാതെ കിടക്കും. നെതന്യാഹു പടിയിറങ്ങുകയും വിശാല സഖ്യം അധികാരത്തില്‍ വരികയും ചെയ്യുന്നത് കൊണ്ട് ഇസ്‌റാഈല്‍ അടിമുടി മാറുമെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. ഇസ്‌റാഈലിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം സയണിസം ആയിരിക്കുവോളം അവിടെ ആര് ഭരിക്കുന്നുവെന്നത് വലിയ വ്യത്യാസമുണ്ടാക്കാന്‍ പോകുന്നില്ല. നുണകളിലും അധിനിവേശത്തിലും സൈനിക ശക്തിയിലും കാലൂന്നി നില്‍ക്കുന്ന ആ രാജ്യത്തിന് ശരിയായ ജനാധിപത്യത്തിലേക്കും അന്താരാഷ്ട്ര മര്യാദകളിലേക്കും ഉണരാനാകുമെന്നും പ്രതീക്ഷിക്കാന്‍ വയ്യ.

എന്നാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പതനം മനുഷ്യസ്‌നേഹികള്‍ക്ക് പ്രത്യാശ പകരുന്നുണ്ട്. ഇസ്‌റാഈലില്‍ രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെയാണ് വിചിത്രമായ സഖ്യത്തിലൂടെ സര്‍ക്കാര്‍ നിലവില്‍വരാന്‍ പോകുന്നത്. നാട്ടിലും വിദേശത്തുമായി കോടികള്‍ ചെലവിട്ട്, ഭരണയന്ത്രം ഉപയോഗിച്ച് നടത്തിയ പ്രചാരണം. അറബ് പ്രമുഖരുമായി കരാറിലെത്താനായി അമേരിക്കയെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കങ്ങള്‍. ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കാന്‍ നിയമനിര്‍മാണം, സൈനിക ദൗത്യം. തോറ്റുമടങ്ങിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള സഹായം. എല്ലാമുണ്ടായിട്ടും ബെഞ്ചമിന്‍ നെതന്യാഹുവിന് 61 സീറ്റിന്റെ കടമ്പ കടക്കാനായില്ല. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്കും സ്വാഭാവിക സഖ്യ കക്ഷികള്‍ക്കും കൂടി 52 സീറ്റാണ് നേടാനായത്. കാവല്‍ പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് അദ്ദേഹം നടത്തിയ കരുനീക്കങ്ങള്‍ ഭരണം നിലനിര്‍ത്താനുള്ള കൈകാലിട്ടടിയായിരുന്നു. ശൈഖ് ജറാഹിലും അല്‍അഖ്‌സയിലും സൃഷ്ടിച്ച സംഘര്‍ഷവും ഗസ്സയിലെ ആക്രമണവുമെല്ലാം ഈ ദിശയിലുള്ളതായിരുന്നു. ഇസ്‌റാഈലിന് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രിപദത്തില്‍ താന്‍ അനിവാര്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നിരപരാധികളെ കൊന്നുതള്ളിയത്.

നെതന്യാഹുവിന്റെ പതനത്തിന് പിന്നിലെ അടിസ്ഥാന കാരണം അഴിമതിയാണ്. തന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് സംഭവിച്ച വീഴ്ചകളും മറച്ചു വെക്കാനാണ് ജൂതവികാരം ജ്വലിപ്പിക്കുന്ന നീക്കങ്ങള്‍ അദ്ദേഹം നടത്തിയത്. എന്നാല്‍ അത് വേണ്ടവിധം വിജയിച്ചില്ല എന്നത് ഇന്ത്യയില്‍ ഇരുന്നുകൊണ്ട് കാണുമ്പോള്‍ സന്തോഷം പകരുന്നുണ്ട്. പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി നിയമം മാറ്റിയെഴുതാന്‍ കൈക്കൂലി വാങ്ങിയതിലും സാമ്പത്തിക ക്രമക്കേടിലും അടക്കം മൂന്ന് കേസുകളിലാണ് നെതന്യാഹു നിയമ നടപടി നേരിടുന്നത്. ഈ കേസുകളില്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്. തിരിച്ചുവന്നിരുന്നെങ്കില്‍, ഉറപ്പാണ് ഇമ്മ്യൂനിറ്റി ബില്‍ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. പക്ഷേ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഇസ്‌റാഈലിലെ വോട്ടര്‍മാര്‍ തീരുമാനിച്ചത്. എന്ത് കെടുകാര്യസ്ഥത കാണിച്ചാലും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കിയും പുതിയൊരു മസ്ജിദിന് മേല്‍ അവകാശവാദമുന്നയിച്ചും നഗരങ്ങളുടെ പേര് മാറ്റിയും ന്യൂനപക്ഷവിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്നും വികാരമിളക്കിവിട്ടാല്‍ മതിയെന്ന് കരുതുന്ന ഇന്ത്യയിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വ്യക്തമായ സന്ദേശമാണ് നെതന്യാഹുവിന്റെ പതനം. മോദിയുടെ വിശുദ്ധ ചങ്ങാതിയാണല്ലോ ബിബി.
ഇസ്‌റാഈല്‍ ഭരിക്കാന്‍ പോകുന്ന സഖ്യത്തെ കുറിച്ച് അല്‍ജസീറയില്‍ മര്‍വന്‍ ബിശാറ എഴുതിയതാണ് സത്യം: “നെതന്യാഹുവിന്റെ നെതന്യാഹുമാര്‍”. കടുത്ത തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എട്ട് പാര്‍ട്ടികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോകുന്നത്. യെഷ് ആറ്റിഡ് പാര്‍ട്ടി മേധാവിയും പ്രതിപക്ഷ നേതാവുമായ യെയിര്‍ ലാപിഡ് ആണ് എട്ട് പാര്‍ട്ടികളുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാമിന പാര്‍ട്ടിയുടെ അധ്യക്ഷനും കടുത്ത മുസ്‌ലിംവിരുദ്ധനുമായ നഫ്താലി ബെന്നറ്റും ലാപിഡും രണ്ട് വര്‍ഷം വീതം പ്രധാനമന്ത്രിപദം പങ്കിടാനാണ് തീരുമാനം. ആദ്യ ഊഴം ബെന്നറ്റിനായിരിക്കും. ഫലസ്തീന്‍ വിഷയത്തില്‍ അടക്കം സര്‍വ നിലപാടുകളിലും നെതന്യാഹുവിന്റെ നേര്‍പതിപ്പാണ് ബെന്നറ്റ്. ഇദ്ദേഹം നേരത്തേ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചയാളുമാണ്. രണ്ടാം പകുതിയില്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യെയിര്‍ ലാപിഡ് നെതന്യാഹു മന്ത്രിസഭയില്‍ നേരത്തേ അംഗമായിരുന്നു. ധനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന അവിഗ്‌ദോര്‍ ലീബര്‍മാനും നെതന്യാഹുവിന്റെ വലംകൈയായിരുന്നു. ഇസ്‌റാഈല്‍ അതിര്‍ത്തി വ്യാപനം പൂര്‍ത്തിയായില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവരെല്ലാം.

ഇത്തരമൊരു സഖ്യത്തില്‍ മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി അംഗമാണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. നാല് അംഗങ്ങളുള്ള അറബ് ലിസ്റ്റ് ഭരണത്തില്‍ പങ്കാളിയാകുന്നത് ഇസ്‌റാഈലിനകത്തുള്ള അറബികളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് അബ്ബാസിന്റെ അവകാശവാദം. ഫലസ്തീന്‍ വിഷയത്തില്‍ ശരിയായ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ചില വിശകലനക്കാരും പറയുന്നു. എന്നാല്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റുകളും നേതാക്കളും മണ്ടത്തരം എന്നാണ് ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഏതായാലും നെതന്യാഹുവിനെ പുറത്താക്കാന്‍ ഒരു അറബ് പാര്‍ട്ടിയുടെ സഹായം വേണ്ടിവന്നു എന്നത് ചരിത്രത്തിന്റെ മധുര പ്രതികാരമാണ്. അറബികളെയും ക്രിസ്ത്യാനികളെയും രണ്ടാം തരം പൗരന്മാരാക്കാന്‍ നാഷന്‍ സ്റ്റേറ്റ് ലോ എന്ന കരിനിയമം പാസ്സാക്കിയ രാജ്യമാണ് ഇസ്‌റാഈല്‍.