Connect with us

Kerala

'വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാകും'; സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സര്‍വ്വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് കത്തയച്ചു. മഹാമാരിയുടെ സമയത്ത് പരീക്ഷ നടത്തുന്ന നടപടി നിരുത്തരവാദപരമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും തരൂര്‍ കത്തില്‍ പറഞ്ഞു.

കേരള സര്‍വ്വകലാശാലയുടെ പരീക്ഷ ജൂണ്‍ 15മുതല്‍ നടത്താന്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ നേരത്തെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനെതിരെയുള്ള ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും ശശി തരൂര്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന വിദ്യാര്‍ഥികളുടെ കൂടി ആവശ്യം പരിഗണിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ശശി തരുര്‍ എംപി കത്തില്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.