Connect with us

Kerala

എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കും; വാക്‌സീന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആരോഗ്യമേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതികളെല്ലാം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാക്‌സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്. വാക്‌സിന്‍ ഉത്പാദനത്തിനും ഗവേഷണത്തിനുമുള്ള പദ്ധതിക്കായി 10 കോടി വകയിരുത്തി.

150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് ആരംഭിക്കും. പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ ആറിന കര്‍മ പരിപാടിയും പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. 635 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഓരോ മെഡിക്കല്‍ കോളജുകളിലും പകര്‍ച്ചവ്യാധി തടയാന്‍ പ്രത്യേക ബ്ലോക്കുകളുണ്ടാക്കും. 50 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് കുട്ടികള്‍ക്കുള്ള ഐ സി യു സംവിധാനം വികസിപ്പിക്കും. അമേരിക്കന്‍ സിഡിസി മാതൃകയില്‍ മെഡിക്കല്‍ റിസര്‍ച്ചിന് പുതിയ കേന്ദ്രം സ്ഥാപിക്കും.