Connect with us

Kerala

സംവരണ അനുപാതം: അട്ടിമറി രേഖ പുറത്ത്; കോടതി വിധിക്കു വഴിയൊരുക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ന്യൂനപക്ഷ കമ്മിഷന്‍

Published

|

Last Updated

കോഴിക്കോട് | സംവരണ അനുപാതം പുനര്‍ നിര്‍ണയിക്കണമെന്നു നിര്‍ദ്ദേശിക്കുന്ന കോടതി വിധിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ നയിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും പങ്കു വഹിച്ചതായി ആരോപണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013 ജൂണ്‍ 9 ന് നിലവില്‍ വന്ന ന്യൂനപക്ഷ കമ്മിഷനില്‍ മുന്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റ് കൂടിയായ അഡ്വ. എം വീരാന്‍കുട്ടിയായിരുന്നു ചെയര്‍മാന്‍. ലീഗ് നേതാവ് അഡ്വ. കെ പി മറിയുമ്മയായിരുന്നു കമ്മിഷനിലെ ഒരംഗം. ന്യൂനപക്ഷകമ്മിഷന്‍ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് അതി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഈ ശുപാര്‍ശയില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംവരണ വ്യവസ്ഥ അട്ടിമറിക്കുന്ന വിവാദ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.

രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റി നിര്‍ദ്ദേശം അട്ടിമറിച്ചത് കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്നാണെന്നു വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 49 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടില്‍ 43 ാം ഇനമായാണ് വിവാദ നിര്‍ദ്ദേശം എഴുതിച്ചേര്‍ത്തിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും 80:20 എന്ന അനുപാതം മാറ്റി 60:40 എന്ന ജനസംഖ്യാ അനുപാതം നടപ്പിലാക്കുക എന്നാണ് ഇതില്‍ പറയുന്നത്. ട്രെയിനിങ്ങ് സബ് സെന്ററുകള്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകമായി അനുവദിക്കണമെന്നും ഇതില്‍ പറയുന്നു.

45 ാം ഇനമായി പരിശീലന കേന്ദ്രങ്ങളുടെ ബോര്‍ഡുകള്‍ മുസ്‌ലിം എന്നുള്ളതു മാറ്റി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എന്നാക്കുക എന്ന ദുരൂഹമായ നിര്‍ദ്ദേശവും സമര്‍പ്പിക്കുന്നു. സണ്‍ഡേ സ്‌കൂള്‍, ക്രൈസ്തവ മത പഠന കേന്ദ്രങ്ങള്‍, സെമിനാരികള്‍, ബൈബിള്‍ സ്‌കൂള്‍, ബൈബിള്‍ കോളജ് എന്നിവയെ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ക്രിസ്ത്യന്‍ മതാധ്യാപകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പെന്‍ഷന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ക്രൈസ്തവ കുടുംബങ്ങളിലെ ബി പില്‍ വിഭാഗത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുക, പട്ടിക ജാതി പട്ടിക വര്‍ഗ ആനുകൂല്യം ക്രൈസ്തവരായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുക, ഭൂരഹിതരായ ന്യൂനപക്ഷ ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍ക്കു ഭൂമി, പാര്‍പ്പിടം സൗജന്യ നിരക്കില്‍ കിട്ടാന്‍ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് ഔട്ട് ബോര്‍ഡ് എന്‍ജിന്‍ പകുതി സബ്‌സിഡിയായും ബാക്കി ലോണായും നല്‍കുക, അനാഥ ക്രൈസ്തവ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക സ്ഥാപനങ്ങള്‍ അനുവദിക്കുക തുടങ്ങി മുസ്‌ലിംകളേക്കാള്‍ പിന്നാക്കം നില്‍ക്കുന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളാണു വരുത്തിത്തീര്‍ക്കുന്ന നിര്‍ദ്ദേശമാണ് അന്നു കമ്മിഷന്‍ സര്‍ക്കാറിനു സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പില്‍ക്കാലത്ത് സംവരണം സംബന്ധിച്ച എല്ലാ നിയമ നടപടികളിലും ആസൂത്രിതമായി ഉപയോഗിച്ചു എന്നാണു കരുതുന്നത്.

ക്രൈസ്തവരിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശ എന്ന നിലയില്‍ യു ഡി എഫ് ഭരണ കാലത്തു കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ ചേര്‍ന്നു സര്‍ക്കാരിന് കൊടുത്ത റിപ്പോര്‍ട്ട് പാലോളി കമ്മിഷന്‍ ശുപാര്‍ശ അട്ടിമറിക്കുന്ന തരത്തിലുള്ളതായിരുന്നു. പാലോളി മുഹമ്മദ് കുട്ടി കൊണ്ടുവന്ന നിര്‍ദേശവും അത് നടപ്പാക്കികൊണ്ടു വി എസ് അച്യുതാന്ദന്‍ സര്‍ക്കാര്‍ എടുത്ത നടപടികളെയും അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച വഞ്ചനയുടെ ഫലമാണ് ഇപ്പോള്‍ കോടതി വിധിക്ക് ആധാരമായിത്തീര്‍ന്നതെന്നാണ് ആരോപണം ഉയരുന്നത്.

മുസ്ലിം സമുദായത്തിന് മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 അനുപാതം റദ്ദുചെയ്ത കേരള ഹൈക്കോടതി വിധി മുസ്ലിംകളില്‍ കടുത്ത ആശങ്കയുളവാക്കിയിരുന്നു. ഇതിനിടെയാണ് സംവരണ അട്ടിമറിക്കു വഴിയൊരുക്കി നിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണെന്ന ഞെട്ടിക്കുന്ന രേഖകള്‍ പുറത്തു വരുന്നത്.

---- facebook comment plugin here -----

Latest