Connect with us

Kerala

കേരളത്തില്‍ കോണ്‍ഗ്രസ് സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ ത്രിമൂര്‍ത്തികളിലേക്ക്

Published

|

Last Updated

കോഴിക്കോട് | കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി നോമിനേറ്റ് ചെയ്യപ്പെടാന്‍ സാധ്യത തെളിഞ്ഞതോടെ കോണ്‍ഗ്രസ്സിലെ യുവനിര സുധാകര പക്ഷത്തേക്ക് നീങ്ങിത്തുടങ്ങി. കേരളത്തിലെ തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ പുതിയ കെ പി സി സി പ്രസിഡന്റ് വരുമെന്നുറപ്പായി. അവസാനവട്ട പരിഗണയില്‍ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും മാത്രമാണ് ഹൈക്കമാന്റിനു മുമ്പിലുള്ളത്.

കേരളത്തിലെ യുവാക്കളുടെ പിന്‍തുണ ആര്‍ജിക്കാന്‍ കഴിഞ്ഞതാണ് സുധാകരന് മുതല്‍ക്കൂട്ടാവുക. കേരളത്തിലെ എ, ഐ ഗ്രൂപ്പുകളില്‍ കേന്ദ്ര നേതൃത്വത്തിനു സമ്പൂര്‍ണമായി വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരു ഗ്രൂപ്പുകളിലുമുള്ള യുവാക്കള്‍ സുധാകരനില്‍ വിശ്വാസം രേഖപ്പെടുത്തുകയാണ്. അശോക് ചവാന്‍ സമിതിയുടെ പ്രധാന കണ്ടെത്തലും ഇതാണ്. ഉമ്മന്‍ചാണ്ടിയുടെ പോരാട്ട വീറില്‍ കുറവു വന്നതും ചെന്നിത്തലക്കു പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതും രണ്ടു നേതാക്കളും നയിച്ച പ്രധാന ഗ്രൂപ്പുകളുടെ ശക്തി ക്ഷയിപ്പിക്കുകയാണ്.

സി പി എമ്മിനെ വാക്കുകൊണ്ടും കര്‍മംകൊണ്ടും നേരിടാന്‍ കരുത്തനായ നേതാവ് എന്ന നിലയിലാണ് യുവാക്കള്‍ വന്‍തോതില്‍ സുധാകരനെ പിന്‍തുണക്കുന്നത്. സുധാകരന്‍ പ്രസിഡന്റായി വന്നാല്‍ പാര്‍ട്ടിക്കു പട്ടാളച്ചിട്ട കൈവരുമെന്നും താഴെ തട്ടില്‍ വരെ പാര്‍ട്ടി ഊര്‍ജ്ജസ്വലമാവുമെന്നും കരുതുന്നവരാണ് യുവവിഭാഗം.

സുധാകരന്‍ പ്രസിഡന്റാകുന്നതോടെ നിലവിലെ കെ പി സി സി ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നതും യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. ഡി സി സി പ്രസിഡന്റായി യുവാക്കളെ കൊണ്ടുവരുമെന്ന പ്രതീക്ഷയും പാര്‍ട്ടിയില്‍ ശക്തമാണ്. തലമുറമാറ്റത്തിനായി നിലക്കൊള്ളുന്ന വിഭാഗങ്ങള്‍ ഇതോടെ സുധാകര പക്ഷത്തേക്കു നീങ്ങുമെന്ന് ഉറപ്പായി.

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ്സിനു നില്‍ക്കാനാവില്ല എന്നതിനാല്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെ കേന്ദ്രീകരിച്ചും മറ്റൊരു ഗ്രൂപ്പ് സജീവമായിത്തീരും. സുധാകരന്റെ അക്രമോത്സുകമായ ശൈലി കോണ്‍ഗ്രസ്സിനു ചേര്‍ന്നതല്ലെന്നു വിശ്വസിക്കുന്ന വിഭാഗം സതീശന്‍ പക്ഷമായി സംഘടിക്കുമെന്നാണ് കരുതുന്നത്. സ്ഥാനം നഷ്ടപ്പെട്ട ചെന്നിത്തലയും പാര്‍ട്ടിയില്‍ കരുത്തുകുറഞ്ഞ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമെല്ലാം ഏതു ഘട്ടത്തിലും തനിക്കെതിരെ കരുനീക്കം നടത്തിയേക്കാമെന്ന ഭയം സതീശനുണ്ട്. അതിനാല്‍ ഒരു ഗ്രൂപ്പു ബലമില്ലാതെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തേടിയെത്തിയ ഗ്രൂപ്പ് മാനേജര്‍മാരെ അദ്ദേഹം നിരാശരാക്കിയിട്ടില്ലെന്നാണു വിവരം.

സ്വന്തമായി ഇപ്പോഴും ഒരു അനുയായി വൃന്ദത്തെ സൂക്ഷിക്കുന്ന കെ മുരളീധരന്‍ കേവല വിലപേശലിനപ്പുറത്ത് ഒരു ഗ്രൂപ്പ് ലീഡറായി വളരാന്‍ നീക്കം നടത്തില്ല എന്നാണ് കരുതുന്നത്. ഹൈക്കമാന്റിന്റെ പിന്‍തുണ ഇല്ല എന്നതാണ് മുരളീധരനെ ഗ്രൂപ്പ് നേതാവായി വളരുന്നതില്‍ നിന്നു പിന്‍തിരിപ്പിക്കുന്നത്. പിതാവു കെ കരുണാകരന്‍ കരുത്തനായ കാലത്തുപോലും പാര്‍ട്ടിയില്‍ നിന്നു നേരിട്ട മുന്‍കാല ദുരനുഭവങ്ങള്‍ മുരളീധരനെ പിന്നാക്കം വലിക്കുന്നു.

ഹൈക്കമാന്റിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ കെ സി വേണുഗോപാലിനുള്ള സ്വാധീനം ഇനി കേരളത്തില്‍ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാനമായിത്തീരും. കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ നിര്‍ണായകമായി ഇടപെട്ട വേണുഗോപാല്‍, ചെന്നിത്തലയെ നീക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. ആ നീക്കത്തിന് കെ സുധാകരന്റെ പിന്‍തുണയും ലഭിച്ചു. സുധാകരനെ കെ പി സി സി പ്രസിഡന്റാക്കുന്നതില്‍ തിരിച്ചു വി ഡി സതീശന്റെ പിന്‍തുണയും ലഭിക്കുമെന്നുറപ്പായിട്ടുണ്ട്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇനി നിയന്ത്രിക്കുക കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ ത്രിമൂര്‍ത്തികള്‍ ആയിരിക്കുമെന്നുറപ്പാവുകയാണ്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest