Connect with us

International

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സീന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു.

“91 രാജ്യങ്ങളില്‍ വാക്‌സീന്റെ കുറവുണ്ട്. സ്റ്റോക്ക് അപര്യാപ്തമായതിനാല്‍ ഈ രാജ്യങ്ങള്‍ ബി.1.617.2 ഉള്‍പ്പെടെ കൊവിഡിന്റെ പുതു വകഭേദങ്ങള്‍ക്ക് ഇരയാകുന്നു. പുതിയതും കൂടുതല്‍ പകരാവുന്നതുമായ വകഭേദങ്ങളുടെ ഭീഷണിയിലാണു രാജ്യങ്ങള്‍. തിരിച്ചറിയപ്പെടുന്നതിനു മുന്‍പുതന്നെ പുതിയ വകഭേദങ്ങള്‍ ലോകമാകെ വേഗത്തില്‍ വ്യാപിക്കും”- ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

കഴിഞ്ഞ വര്‍ഷം അസ്ട്രാസെനെക്കയുമായി ഒപ്പുവച്ച നിയമപ്രകാരം, താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ബില്യന്‍ വാക്‌സീന്‍ ഡോസ് നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നു. 2020ല്‍ മാത്രം 400 ദശലക്ഷം ഡോസുകള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമായിരുന്നു. ലോകാരോഗ്യ സംഘടന പ്രധാന അംഗമായ രാജ്യാന്തര വാക്‌സീന്‍ സഖ്യമായ ഗവിയിലൂടെയാണു ഡോസ് വിതരണം ചെയ്യുന്നത്.

ലഭ്യമായ വാക്‌സീനുകളുടെ തുല്യതയില്ലാത്ത വിതരണം തുടര്‍ന്നാല്‍, ചില രാജ്യങ്ങള്‍ അവരുടെ സാധാരണ ജീവിതത്തിലേക്കു മടങ്ങിപ്പോകും. അതേസമയം, മറ്റു രാജ്യങ്ങളെ രോഗം കഠിനമായി ബാധിക്കുകയും കുടുതല്‍ വൈറസ് വകഭേദങ്ങള്‍ ജനത്തെ ബാധിക്കുകയും ചെയ്യുമെന്നും സൗമ്യ പറഞ്ഞു.

Latest