Connect with us

National

കൊവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി പ്രധാനമന്ത്രി; ധനസഹായവും സൗജന്യ വിദ്യാഭ്യാസവും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിതരായി മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സഹായഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതുള്‍പ്പെടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേമായി ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ്സ് ആയാല്‍ ഈ തുക ഉപയോഗിച്ച് 23 വയസ്സ് വരെ മാസം തോറും സ്റ്റൈപന്‍ഡ് നല്‍കും. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും.

10 വയസ്സി ല്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാന്‍ സൗകര്യം ഏര്‍പെടുത്തും. ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കും. 10 വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്‌കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിപ്പിക്കും. മറ്റേതെങ്കുിലും രക്ഷിതാവുണ്ടെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ ചേര്‍ന്ന് പഠിക്കാം. ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇത്തരം കുട്ടികളുടെ ഇന്ത്യയ്ക്കുള്ളില്‍ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാന്‍ സഹായിക്കും. പലിശ പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കും. ട്യൂഷന്‍ ഫീസിനായി സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ്സ് വരെ കുട്ടികള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തും.