Connect with us

Kerala

കുഴല്‍പ്പണ കവര്‍ച്ചാ കേസ്; ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യല്‍ തുടരും

Published

|

Last Updated

തൃശ്ശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ബി ജെ പ നേതാക്കളെ ചോദ്യം ചെയ്യല്‍ തുടരും. ബി ജെ പി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. ആര്‍ എസ് എസ് നേതാവ് ധര്‍മ്മരാജനെയും മുന്‍ യുവമോര്‍ച്ച സംസ്ഥാന നേതാവ് സുനില്‍നായക്കിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബി ജെ പി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.

കവര്‍ച്ച ചെയ്യപ്പെട്ട പണവുമായി ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷന്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. പണം ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചിതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ ധര്‍മരാജന്‍ സംഭവ ശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്ക് തൃശ്ശൂരില്‍ താമസിക്കാന്‍ മുറിയെടുത്ത് നല്‍കിയത് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ബി ജെ പിയിലെ ഉന്നതരിലേക്കും അന്വേഷണം വ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.