Connect with us

National

വഴങ്ങി സമൂഹ മാധ്യമങ്ങള്‍; ട്വിറ്റര്‍ ഒഴികെ സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ വിവര സാങ്കേതിക നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വന്‍കിട സമൂഹ മാധ്യമങ്ങള്‍ വഴങ്ങിത്തുടങ്ങി. ട്വീറ്റര്‍ ഒഴികെയുള്ള എല്ലാ വന്‍കിട സാമൂഹിക മാധ്യമ സ്ഥാപനങ്ങളും ഇന്ത്യയുടെ പുതിയ വിവര സാങ്കേതിക നിയമങ്ങള്‍ക്ക് കീഴില്‍ ആവശ്യമായ വിശദാംശങ്ങള്‍ സര്‍ക്കാറുമായി പങ്കിട്ടതായി കേന്ദ്രം അറിയിച്ചു.

ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍, വാട്ട്‌സ്ആപ്പ്, കൂ, ഷെയര്‍ചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങള്‍ കൈമാറിയത്. ചീഫ് കോംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍, പരാതി പരിഹാര ഉദ്യോഗസ്ഥന്‍ എന്നിവരുടെ പേരുകളാണ് കമ്പനികള്‍ കൈമാറിയത്. അതേസമയം, സര്‍ക്കാറുമായി നേരിട്ട് ഏറ്റുമുട്ടലിന് ഇറങ്ങിയ ട്വിറ്റര്‍ ചീഫ് കോംപ്ലിയന്‍സ് ഓഫീസറുടെ വിശദാംശം ഇതുവരെ മന്ത്രാലയത്തിന് അയച്ചിട്ടില്ലെന്ന് പേരുവെളിപ്പെടുത്താത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബുധനാഴ്ച പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാക്കിയിരുന്നു. ഇന്ത്യയില്‍ ഒരു കോംപ്ലിയന്‍സ് ഓഫീസറെ നിയമിക്കുന്നതിനും പരാതി പ്രതികരണ സംവിധാനം സ്ഥാപിക്കുന്നതിനും സ്ത്രീകളുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുന്നത് പോലുള്ള പരാതികളില്‍ 36 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം ഒഴിവാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഐടി നിയമം.

നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യന് നിബന്ധനകള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ ട്വിറ്ററിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ട്വിറ്റര്‍ ഇന്നലെ രാത്രി വൈകി ഇന്ത്യയിലെ ഒരു നിയമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു അഭിഭാഷകന്റെ വിശദാംശങ്ങള്‍ അവരുടെ നോഡല്‍ സമ്പര്‍ക്ക വ്യക്തിയായും പരാതി ഉദ്യോഗസ്ഥനായും പങ്കിട്ടിരുന്നു. എന്നാല്‍ ചീഫ് കോംപ്ലിയന്‍സ് ഓഫീസറുടെ വിവരം അവര്‍ കൈമാറിയിട്ടില്ല.

Latest