Connect with us

National

യാസ് ചുഴലി: ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടി രൂപയുടെ കേന്ദ്ര സഹായം

Published

|

Last Updated

ന്യൂഡല്‍ഹി | യാസ് കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഒഡീഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് ദുരിതാശ്വാസം പ്രഖ്യാപിച്ചത്. വന്‍ നാശനഷ്ടം ഉണ്ടായ ഒഡീഷയിലും പശ്ചിമ ബംഗാളിലും വ്യോമ നിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനം.

ഒഡീഷക്ക് 500 കോടി രൂപയും പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും 250 കോടി രൂപ വീതവുമാണ് അനുവദിക്കുക. സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കും. യാസ് ചുഴലിയില്‍ പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും.

ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാങ്ങളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി യോഗങ്ങളില്‍ ഉറപ്പ് നല്‍കി. ദുരിതബാധിത പ്രദേശങ്ങളിലെ വിഭവങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പുനസ്ഥാപിക്കുന്നതിനും ദുരിതാശ്വാസ പാക്കേജ് സഹായകമാകും. ചുഴലിക്കാറ്റില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇതുവരെ നാല് പേര്‍ മരിക്കുകയും 21 ലക്ഷത്തിലധികം പേരെ ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ മൂന്ന് പേരും പശ്ചിമ ബംഗാളില്‍ ഒരാളുമാണ് മരിച്ചത്. യാസ് ചുഴലി സംസ്ഥാനത്ത് കുറഞ്ഞത് ഒരു കോടി ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. “ട്യൂട്ട്” കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ തീരങ്ങളില്‍ എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് “യാസ്”.

---- facebook comment plugin here -----

Latest