Connect with us

Covid19

കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ത സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താനുള്ള ക്രമീകരണം ഒരുക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി, പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് നിര്‍ദേശിക്കപ്പെട്ട അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍നിന്നും ഒഴിവാക്കും.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്ക ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തും. നിലവില്‍ സംസ്ഥാനത്ത് 52 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷേ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കാലവര്‍ഷഘട്ടത്തില്‍ ദുരിതാശ്വാസം ക്യാമ്പുകള്‍ സജ്ജമാക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

നിര്‍മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രഷറകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. ഓക്‌സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആവശ്യമായ മരുന്നുകള്‍ വാങ്ങി നല്‍കാമെന്ന് വിദേശത്തുള്ള പലരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെ നിന്നാണ് ലഭ്യമാകുക എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന് പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്.

Latest