National
സാമൂഹിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം; ഐ ടി നിയമത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി | ഐ ടി നിയമത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നുവെന്ന് അറിയിച്ച മന്ത്രാലയം, റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. അതേ സമയം ഈ നിയമം ഉപയോക്താവിന്റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് വാദിക്കുന്നു. 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള കേസ് പരാമര്‍ശിച്ച്, സര്‍ക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്നും വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂട്യൂബും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല





