Kerala
കൊവിഡും സംഘടനാ ദൗര്‍ബല്യവും പ്രതിബന്ധമായി; കോണ്‍ഗ്രസ് തോല്‍വിയുടെ കാരണം വിശദീകരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കുള്ള കാരണം വിശദീകരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുന്നതിനും ജില്ലാ ഘടകങ്ങളുടെ വീഴ്ച വിലയിരുത്തുന്നതിനുമായി എ ഐ സി സി നിയോഗിച്ച അശോക് ചവാന്‍ സമിത് മുമ്പാകെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. കൊവിഡ് കാരണമുള്ള പ്രതിസന്ധിയും സംഘടനാ ദൗര്‍ബല്യവുമാണ് പ്രധാനമായും തോല്‍വിക്ക് ഇടയാക്കിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് മൂലം അഴിമതി ഉള്‍പ്പെടെ സര്‍ക്കാറിന് എതിരായ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കൊവിഡ് പ്രതിബന്ധമായി. സര്‍ക്കാരിന്റെ അഴിമതികള്‍ താന്‍ വെളിച്ചത്ത് കൊണ്ടുവരികയും അതിന് മാധ്യമങ്ങള്‍ നല്ല പ്രാധാന്യം നല്‍കുകയും ചെയ്‌തെങ്കിലും സംഘടനാ ദൗര്‍ബല്യം മൂലം താഴെ തട്ടിലേക്ക് എത്തിക്കാനായില്ല. ബൂത്ത് കമ്മിറ്റികള്‍ നിര്‍ജ്ജീവമായിരുന്നത് കാരണം സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, ഭരണപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ ആക്കിയത് ജനങ്ങളെ സ്വാധീനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന കേന്ദ്രത്തില്‍ ഭരണം ഇല്ലാത്ത കോണ്‍ഗ്രസിനെക്കാള്‍ എല്‍ ഡി എഫിന് അനുകൂലമായി ന്യൂനപക്ഷ വികാരമുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.