Connect with us

Editorial

വെടിനിര്‍ത്തിയിട്ടും ക്രൗര്യമടങ്ങാതെ ഇസ്‌റാഈല്‍

Published

|

Last Updated

ഗസ്സയില്‍ നിരുപാധിക വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ സന്നദ്ധമായെങ്കിലും ജനങ്ങള്‍ക്ക് സ്വൈര ജീവിതം സാധ്യമായിട്ടില്ല. ഫലസ്തീന്‍ പക്ഷത്ത് നിന്നുണ്ടായ ശക്തമായ ചെറുത്തുനില്‍പ്പും അന്താരാഷ്ട്ര സമ്മര്‍ദവും ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിന് സമ്മതം മൂളിയത്. ആക്രമണം നിര്‍ത്താന്‍ തയ്യാറായെങ്കിലും അധിനിവേശവും സംഘര്‍ഷമുണ്ടാക്കലും ഫലസ്തീന്‍ ജനതയുടെ ജീവിതത്തിന് മേലുള്ള നിയമവിരുദ്ധ ഇടപെടലും നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഇനിയും സംഘര്‍ഷം തുടരണമെന്ന ആഗ്രഹത്തിലാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന മുന്നോട്ട് പോകുന്നത്. സ്വന്തം പൗരന്മാര്‍ക്ക് ജീവഹാനി ഉണ്ടായാലും കുഴപ്പമില്ല, ഫലസ്തീന്‍ ജനതക്ക് ശാന്തമായ ജീവിതം അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് സയണിസ്റ്റുകള്‍. സയണിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളെ കയറൂരി വിട്ട് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം ഒരു ഭാഗത്ത്. ഇല്ലാത്ത കേസുകളുണ്ടാക്കി ഫലസ്തീന്‍ യുവാക്കളെ അറസ്റ്റ് ചെയ്യുന്നത് മറുഭാഗത്ത്. അതിനിടക്ക് കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജറാഹ് അടക്കമുള്ള പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഒരു പോലെ അതിക്രമവും അധിനിവേശവും തുടരുകയെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അന്താരാഷ്ട്രതലത്തില്‍ ഫലസ്തീന് അനുകൂലമായി ഉയരുന്ന മുറവിളികളും അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതുമെല്ലാം ഒരിക്കല്‍ കൂടി ഫലസ്തീന്‍ വിഷയത്തെ നയതന്ത്ര മേശകളിലെത്തിക്കുമെന്നുറപ്പാണ്. ഈ ചര്‍ച്ചകളില്‍ ഇസ്‌റാഈല്‍ അരക്ഷിതമാണെന്ന കളവ് ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് നെതന്യാഹുവും കൂട്ടരും സംഘര്‍ഷാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലമിന് മേലുള്ള അവകാശവാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് ആ പ്രദേശത്ത് നിന്ന് അറബ് വംശജരെ കുടിയിറക്കുന്നത്. പ്രദേശത്തെ അറബ് സാന്നിധ്യം പരമാവധി കുറക്കുകയെന്നതാണ് തന്ത്രം.

അല്‍അഖ്‌സക്ക് ചുറ്റും സംഘര്‍ഷം സൃഷ്ടിച്ച് കൂടുതല്‍ പ്രകോപനം ഉണ്ടാക്കുകയെന്ന തന്ത്രവും ആവര്‍ത്തിക്കുന്നു. ഫലസ്തീന്‍ യുവാക്കളെ അക്രമാസക്ത പ്രതിഷേധത്തിലേക്ക് തള്ളിവിടാനും ഹമാസിനെ സായുധ നീക്കങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കാനുമാണിത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷവും ഇത്തരം പ്രകോപനമുണ്ടായി. ഇസ്‌റാഈല്‍ കൈയേറിയ കിഴക്കന്‍ ജറൂസലമിലെ അല്‍അഖ്‌സ മസ്ജിദിലേക്ക് ജൂത കുടിയേറ്റക്കാര്‍ സായുധരായ പോലീസിന്റെ സഹായത്തോടെ ഇരച്ചുകയറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിശ്വാസികളെ ഇസ്‌റാഈല്‍ പോലീസ് മര്‍ദിച്ചു. ഇസ്‌ലാമിക് വഖ്ഫ് കൗണ്‍സില്‍ ഉദ്യോഗസ്ഥനെയും പള്ളി കോമ്പൗണ്ടിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.

അല്‍അഖ്‌സയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ഇസ്‌റാഈല്‍ കടുപ്പിച്ചിരിക്കുന്നു. 45ന് താഴെ പ്രായമുള്ള വിശ്വാസികളെ അല്‍അഖ്‌സ കോമ്പൗണ്ടിന് പുറത്ത് തടയുകയാണ്. 2000ത്തില്‍ ടെമ്പിള്‍ മൗണ്ട് വിശ്വാസി സംഘമെന്ന പേരില്‍ ജൂത തീവ്രവാദികളെ അല്‍അഖ്‌സയിലേക്ക് കടത്തി വിടാന്‍ ഏരിയല്‍ ഷാരോണ്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ രണ്ടാം ഇന്‍തിഫാദക്ക് തുടക്കം കുറിച്ച ചരിത്രമുണ്ട്. ഇത്തരമൊരു ഏറ്റുമുട്ടലാണ് ഇസ്‌റാഈല്‍ ആഗ്രഹിക്കുന്നത്. ചരിത്രപരവും വിശ്വാസപരവുമായ വസ്തുതകളെ തമസ്‌കരിച്ചാണ് ഈ നീക്കം. ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് വഴിവെച്ച ബാല്‍ഫര്‍ പ്രഖ്യാപനവും പിന്നീട് വന്ന യു എന്‍ പ്രമേയങ്ങളും മറ്റ് അന്താരാഷ്ട്ര കരാറുകളുമൊന്നും അല്‍അഖ്‌സക്ക് മേലുള്ള ഇസ്‌റാഈലിന്റെ അവകാശവാദത്തിന് പുല്ലുവില കല്‍പ്പിക്കുന്നില്ല. 1967ലെ ആറ് ദിന യുദ്ധത്തില്‍ അല്‍അഖ്‌സ പള്ളിസമുച്ചയം നിലനില്‍ക്കുന്ന കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ കീഴടക്കിയെന്നത് വസ്തുതയാണ്. എന്നാല്‍ ഈ പ്രദേശം അധിനിവേശ ഭൂമിയായി മാത്രമേ ലോകം കണ്ടിട്ടുള്ളൂ. 1967ലെ സ്റ്റാറ്റസ്‌കോ തുടരാന്‍ ഇസ്‌റാഈല്‍ ബാധ്യസ്ഥമാണ്. സ്ഥിതി ഇതായിരിക്കെ എന്തിനാണ് അല്‍അഖ്‌സയില്‍ ഇടക്കിടക്ക് അലോസരമുണ്ടാക്കുന്നത്? വെടിനിര്‍ത്തലിന് തയ്യാറാകേണ്ടി വന്നതിലെ ജാള്യം മറക്കാനാണെന്ന് തോന്നുന്നു, വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീന്‍ യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. ഓടിച്ചിട്ട് പിടിച്ച് മര്‍ദിച്ച് ജീവച്ഛവമാക്കിയാണ് സൈനിക വാഹനത്തില്‍ കയറ്റുന്നത്. എന്താണ് കുറ്റം? ആരാണ് വാറണ്ട് പുറപ്പെടുവിച്ചത്? ഉത്തരമില്ല ഒന്നിനും.

സത്യത്തില്‍ ഇസ്‌റാഈലിനെ ഈ അതിക്രമങ്ങള്‍ക്ക് മുഴുവന്‍ പ്രാപ്തമാക്കുന്നത് അമേരിക്കയുടെ പിന്തുണയാണ്. ട്രംപ് പോയി ബൈഡന്‍ വന്നിട്ടും ഈ കങ്കാണിപ്പണിയില്‍ നിന്ന് അമേരിക്ക തെല്ലിട മാറിയിട്ടില്ല. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഗസ്സയില്‍ കൂട്ടക്കുരുതി നടക്കുമ്പോള്‍ ജോ ബൈഡന്റെ ആദ്യ പ്രതികരണം. ട്രംപില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫലസ്തീന്‍ നയം തനിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബൈഡന്‍. ഇസ്‌റാഈല്‍ അതിക്രമത്തെ അപലപിച്ച് യു എന്‍ രക്ഷാ സമിതിയില്‍ വന്ന പ്രമേയങ്ങള്‍ മുഴുവന്‍ അമേരിക്ക വീറ്റോ ചെയ്തു. കൂട്ടക്കുരുതിക്കിടയിലും ബൈഡന്‍ ഭരണകൂടം 735 മില്യണ്‍ ഡോളറിന്റെ ഉഗ്ര ശേഷിയുള്ള ആയുധങ്ങള്‍ ഇസ്‌റാഈലിന് അനുവദിച്ചുവെന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. 3.8 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക സഹായ പദ്ധതിക്ക് പുറമേയാണിത്. ആഭ്യന്തര സമ്മര്‍ദം ശക്തമായപ്പോള്‍ മാത്രമാണ് ബൈഡന്‍ ചെറുതായി ചുവടു മാറിയത്. യു എസില്‍ കൂറ്റന്‍ ഇസ്‌റാഈല്‍വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് തന്നെ ബൈഡന് മേല്‍ സമ്മര്‍ദമുയര്‍ന്നു. ഡെമോക്രാറ്റിക് അംഗം അലക്‌സാണ്ട്രിയ ഒകാസിയോ യു എസ് കോണ്‍ഗ്രസില്‍ പ്രമേയം കൊണ്ടുവന്നു. സ്വതന്ത്ര സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ശക്തമായ ഇടപെടല്‍ നടത്തി. ജൂത ലോബിയിംഗിനെ മറികടക്കുന്ന ഇടപെടല്‍ പല ഭാഗത്ത് നിന്ന് വന്നതോടെയാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് ഇസ്‌റാഈലിനെ കൊണ്ടുവരാന്‍ ബൈഡന്‍ സന്നദ്ധനായത്.
യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ ടെല്‍അവീവില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം രാമല്ലയിലെത്തി ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസിനെയും കാണുന്നുണ്ട്. ഇസ്‌റാഈലിന്റെ സര്‍വ അധിനിവേശ പദ്ധതിക്കും തുല്യം ചാര്‍ത്തിക്കൊടുത്ത ട്രംപ് പ്ലാനിനെ അദ്ദേഹം തള്ളിപ്പറയുമോ? ഇസ്‌റാഈലിന് കൂടുതല്‍ ആയുധം നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുമോ? ചരിത്രം വെച്ച് നോക്കുമ്പോള്‍ പ്രതീക്ഷക്ക് വകയില്ല. ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴാതിരിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ഇനിയെങ്കിലും ലോകം തയ്യാറാകണം. യു എന്‍ ഉടച്ചു വാര്‍ക്കണം.

Latest