National
പൈതൃകം തകര്‍ക്കാന്‍ അനുവദിക്കില്ല; ലക്ഷദ്വീപ് ജനതക്കായി പോരാടും: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി | ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കാനും പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട യാതൊരു കാര്യവും ബിജെപി സര്‍ക്കാരിനോ ഭരണകൂടത്തിനോ ഇല്ലെന്നും ട്വീറ്റില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.സാംസ്‌കാരിക പൈതൃകം നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അറിയാം. അവിടുത്തെ ജനങ്ങളുടെ അഭിപ്രായം ആരായാതെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല. ചര്‍ച്ചകളാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. എന്തുകൊണ്ട് അഭിപ്രായം ആരാഞ്ഞില്ല. അവരുടെയും ദ്വീപുകളുടെയും നന്മക്ക് ഉതകുന്നത് എന്താണെന്ന് അവരോട് ചോദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ട്വീറ്റില്‍ പ്രിയങ്ക ഗാന്ധി ചോദിച്ചു
കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് അടക്കമുള്ളവ നടപ്പാക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഗൂഢ നീക്കത്തിനെതിരെയാണ് പ്രിയങ്ക രംഗത്തെത്തിയിട്ടുള്ളത്. ബീഫ് നിരോധിക്കാനും അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണത്തില്‍നിന്ന് സസ്യേതര വിഭവങ്ങള്‍ ഒഴിവാക്കാനും പ്രഫുല്‍ പട്ടേല്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.