Connect with us

Articles

ഹിന്ദുത്വാധികാരത്തിന്റെ ബലപ്രയോഗങ്ങള്‍

Published

|

Last Updated

കൊവിഡ് മഹാമാരിയിലും സംഘ്പരിവാര്‍ ഭരണാധികാരികള്‍ തങ്ങളുടെ ഹിന്ദുത്വ അജന്‍ഡകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ്. അപരമത വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ബലംപ്രയോഗിച്ച് ഇല്ലാതാക്കാനും തങ്ങളുടെ സാംസ്‌കാരിക ദേശീയതയുടെ അടിമകളാക്കി അടിച്ചമര്‍ത്താനുമുള്ള ആസൂത്രിതമായ ഫാസിസ്റ്റാക്രമണങ്ങള്‍ അവര്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. ലക്ഷദ്വീപില്‍ ഹിന്ദുത്വാധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

സംസ്‌കാര സംഘര്‍ഷങ്ങളുടേതായ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും ഭരണ നടപടികളിലൂടെയുമാണ് നവഫാസിസ്റ്റുകള്‍ ലോകമാകെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത്. വളരെ ഉത്കണ്ഠാകുലമായ വാര്‍ത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തോട് ചേര്‍ന്നു കിടക്കുന്ന ലക്ഷദ്വീപില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
നമ്മുടെ സംസ്‌കാരവും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. ഒരര്‍ഥത്തില്‍ മലയാളിയുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും തുടര്‍ച്ചയാണ് അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ഈ ദ്വീപ് സമൂഹങ്ങള്‍. ഇതില്‍ മിനിക്കോയി ഒഴികെ മറ്റെല്ലായിടങ്ങളിലും മലയാളമാണ് സംസാരിക്കുന്നത്. മിനിക്കോയിയില്‍ മഹല്‍ ഭാഷയും. ഒരേ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും പിന്തുടര്‍ച്ചക്കാരാണ് കേരളീയരും ദ്വീപ് നിവാസികളും. സൂഫി വിശ്വാസ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പിന്തുടരുന്ന മുസ്‌ലിം മതവിശ്വാസികളാണ് ഭൂരിപക്ഷം വരുന്ന ദ്വീപ് നിവാസികളും. ഇന്നിപ്പോള്‍ അവിടുത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴില്‍ ഹിന്ദുത്വവത്കരണത്തിനാവശ്യമായ കടന്നാക്രമണങ്ങളും തീവ്രമാകുന്ന കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുന്നു. ബലപ്രയോഗങ്ങളും അറസ്റ്റും കേസും ജയിലും കൊണ്ട് ദ്വീപിലെ എല്ലാ വിധ ജനാധിപത്യ സാധ്യതകളെയും തകര്‍ക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെ ജനങ്ങളെ വൈറസ് വ്യാപനത്തിന് എറിഞ്ഞു കൊടുക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷദ്വീപ് ജനങ്ങളുയര്‍ത്തിയ പ്രതിഷേധങ്ങളാണ് വംശീയാധിഷ്ഠിതമായ പ്രതികാര നടപടിയെന്ന പോലെ ഇപ്പോഴത്തെ അടിച്ചമര്‍ത്തലുകള്‍ക്ക് കാരണമായത്. ഒരു ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ലക്ഷദ്വീപ് നിവാസികള്‍ക്ക് നേരേ നടക്കുന്നത്.

മുസ്‌ലിം വേട്ടയിലും ഉപജാപ രാഷ്ട്രീയത്തിലും വളരെ കുപ്രസിദ്ധനാണ് കഴിഞ്ഞ വര്‍ഷം അവിടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ പ്രഫുല്‍ പട്ടേല്‍. ഈ ഗുജറാത്തി സംഘ്പരിവാറുകാരന്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും ജനങ്ങളുടെ വിശ്വാസങ്ങളെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹുത്വത്തെയാകെ ഹിന്ദുത്വമെന്ന സാംസ്‌കാരിക ദേശീയതയിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആസൂത്രിത പദ്ധതികളാണ് ദേശീയാധികാരം ഉപയോഗിച്ച് രാജ്യമെമ്പാടും ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ലക്ഷദ്വീപില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രചാരണങ്ങളെയാകെ തടഞ്ഞിരിക്കുന്നു. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. ഹോട്ടലുകളില്‍ ബീഫ് നിരോധിക്കുകയും ടൂറിസം വികസനത്തിന് മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് വ്യാപകമാക്കുകയും ചെയ്തിരിക്കുന്നു. സ്‌കൂളുകളിലും അങ്കണവാടികളിലും മാംസ ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് നമ്മുടെ രാജ്യത്തിന്റെ ഭിന്ന സംസ്‌കാരങ്ങളെ ബലപ്രയോഗങ്ങളിലൂടെ ഉദ്ഗ്രഥിച്ചെടുക്കാനുള്ള ആര്‍ എസ് എസ് അജന്‍ഡയുടെ പ്രയോഗവത്കരണമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. പശുമാംസം ഭക്ഷിക്കുന്നത് മീറ്റ് ജിഹാദാണെന്ന് പ്രചരിച്ചിച്ച് മനുഷ്യരുടെ ഭക്ഷണ സംസ്‌കാരത്തെയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെയും ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേഷന്‍ അധികാരികള്‍. ഓര്‍ക്കണം, സംഘ്പരിവാറിന്റെ വംശഹത്യാ രാഷ്ട്രീയത്തിന്റെ പരീക്ഷണ ഭൂമിയായിരുന്ന ഗുജറാത്തില്‍ നിന്നുള്ള ബി ജെ പി നേതാവാണ് പ്രഫുല്‍ പട്ടേല്‍. രാഷ്ട്രീയ ഔദ്യോഗിക ജീവിതത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍ എസ് എസുകാരന്‍. സൊഹ്‌റാബുദ്ദീന്‍ ശൈഖിന്റെ ഏറ്റുമുട്ടല്‍ മരണക്കേസിലെ വിധിയെ തുടര്‍ന്ന് മോദി സര്‍ക്കാറില്‍ നിന്ന് അമിത് ഷാക്ക് ഒഴിയേണ്ടി വന്നപ്പോള്‍ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിതനായ ആള്‍. ദാദ്ര, നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ അവിടുത്തെ സ്വതന്ത്ര എം പിയായിരുന്ന മോഹന്‍ ദെല്‍ക്കറുടെ ആത്മഹത്യാ കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എഫ് ഐ ആറില്‍ പേര് ചേര്‍ത്ത റിയല്‍ എസ്റ്റേറ്റുകാരുടെ സഹായിയായിരുന്നു ഈ പട്ടേല്‍.
രാജ്യത്ത് തുടരുന്ന ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും ദളിത് വേട്ടകളും ബാരാബങ്കിയിലെ പള്ളി തകര്‍ക്കലും ലക്ഷദ്വീപിന്റെ സംസ്‌കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരേയുള്ള കടന്നാക്രമണങ്ങളും ഹിന്ദു രാഷ്ട്രം ലക്ഷ്യം വെച്ചുള്ള ഫാസിസ്റ്റധികാര പ്രയോഗങ്ങളാണ്. ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ത്തി മാത്രമേ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യവും ബഹുസ്വരതയും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനാകുകയുള്ളൂവെന്ന് മതനിരപേക്ഷ ശക്തികള്‍ തിരിച്ചറിയണം. ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം.

കെ ടി കുഞ്ഞിക്കണ്ണന്‍

Latest