Connect with us

Saudi Arabia

പ്രവാസികളുടെ തിരിച്ചു പോക്ക്; മീഡിയ ഫോറം കേന്ദ്ര ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു

Published

|

Last Updated

ജിദ്ദ | നാട്ടില്‍ അവധിയിലുള്ള പതിനായിരക്കണക്കില്‍ പ്രവാസികള്‍ സഊദിയിലേക്ക് മടങ്ങി വരാനാകാതെ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ അവരുടെ മടങ്ങി വരവിന് അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടതായ കാര്യങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ മീഡിയാ ഫോറം കേന്ദ്ര ആരോഗ്യ മന്ത്രിയുടേയും, സംസ്ഥാന മുഖ്യമന്ത്രിയുടേയും ഇന്ത്യന്‍ അംബാസിഡറുടെയും, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലറിന്റെയും ശ്രദ്ധയില്‍ പെടുത്തി.

ഇന്ത്യയില്‍ ഇപ്പോള്‍ നല്‍കുന്ന വാക്‌സിനുകളില്‍, കൊവിഷീല്‍ഡ് (ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനിക്ക) വാക്‌സിന്‍ മാത്രമേ നിലവില്‍ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂ. അതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അതില്‍ കൊവിഷീല്‍ഡ് എന്നു മാത്രം രേഖപ്പെടുത്തുന്നത് ഇവിടെ സഊദിയില്‍ സ്വീകാര്യമല്ല. ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനിക്ക എന്നു കൂടി അതില്‍ എഴുതിയാലേ അത് സ്വീകാര്യമാവുകയുള്ളൂ. ഈ പ്രശ്‌നം കാരണം നിരവധി പേര്‍ക്ക് സഊദിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ വാക്‌സിന്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പറും പാസ്‌പോര്‍ട്ടിലുള്ളത് പോലെ പേരും ചേര്‍ക്കേണ്ടതും നിര്‍ബന്ധമാണ്. നിലവില്‍ വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് നല്‍കുന്നുള്ളൂ. എന്നാല്‍ ചെറിയ അവധിക്കു ഇന്ത്യയിലെത്തിയവര്‍ക്ക് അതിനാല്‍ തന്നെ രണ്ടാം ഡോസ് എടുക്കുക ബുദ്ധിമുട്ടാകും. അതുകൊണ്ട് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം ക്രമം പരമാവധി കുറച്ചു നല്‍കേണ്ടതായിട്ടുണ്ട്.

അവധിയിലുള്ള വിദേശ ഇന്ത്യക്കാര്‍ ഈ പ്രശ്‌നങ്ങള്‍ കാരണം തിരിച്ചു പോകാന്‍ സാധിക്കാത്ത ആശങ്കയിലും ജോലി നഷ്ടപ്പെടുമോ എന്ന ആധിയിലുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ടെന്ന് ജിദ്ദാ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് പി എം മായിന്‍കുട്ടി, ജന. സെക്രട്ടറി ബിജുരാജ് രാമന്തളി എന്നിവര്‍ മെമോറാണ്ടം വഴി ആവശ്യപ്പെട്ടു

Latest