Connect with us

Health

കൊവിഡ് മാനസികാഘാതം രൂക്ഷം; രോഗാവസ്ഥ ഏറെയും 15-30 പ്രായക്കാരിൽ

Published

|

Last Updated

കോഴിക്കോട് | ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ആഘാതമേൽപ്പിച്ച് കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുമ്പോഴാണ് മറ്റൊരു ലോക സ്‌കീസോഫ്രീനിയ ദിനം കൂടി കടന്നു വരുന്നത്.

കൊവിഡ് ബാധ ഏൽപ്പിക്കുന്ന ശാരീരിക പ്രശ്‌നങ്ങളും ലോക്ക്്ഡൗണും മറ്റും മൂലം ജീവിതത്തിന്റെ വാതിലടഞ്ഞതും ജനങ്ങളിൽ വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ദിനാചരണം. കൊവിഡ് ബാധിതരിലെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ സർക്കാർതലത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്ഥിരമായി മരുന്ന് കഴിച്ചുവരുന്ന രോഗികളുടെ പരിചരണം രൂക്ഷമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്.

പലരും സ്‌കീസോഫ്രീനിയ പോലുള്ള രോഗാവസ്ഥയെ അവഗണിക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചിന്തിക്കാനും വികാരങ്ങളെ കൈകാര്യം ചെയ്യാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള കഴിവിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് സ്‌കീസോഫ്രീനിയ. പ്രമേഹവും ഹൃദ്രോഗവും പോലും ജീവശാസ്ത്രപരമായ ഒരു രോഗമായി കാണാതെ വളർത്തു ദോഷമോ ദൈവ ശാപമോ ആയി രോഗിയെ അവഗണിക്കുന്നവർ ഇന്നും ഏറെയാണ്.
നൂറുപേരിൽ ഒരാൾക്ക് വീതം ഏതെങ്കിലും സമയത്ത് രോഗം ബാധിക്കുന്നതായാണ് കണക്ക്. 15-30 പ്രായ പരിധിക്കുള്ളവരിലാണ് ഏറെയും ഈ രോഗാവസ്ഥ കാണുന്നത്. പാരമ്പര്യം, ജന്മനാ തലച്ചോറിനു സംഭവിക്കുന്ന നാശം, ഗർഭാവസ്ഥയിൽ ബാധിക്കുന്ന വൈറസ് രോഗങ്ങൾ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ തുടങ്ങി മാനസിക സംഘർഷങ്ങളും കുടുംബ പ്രശ്‌നങ്ങളുമൊക്കെ ഒരാളെ ഈ രോഗാവസ്ഥയിലേക്ക് നയിക്കാം.

ഒന്നിലും താത്്പര്യമില്ലായ്മ, മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറൽ, പഠനം, ജോലി, ശരീരവൃത്തി എന്നിവയിൽ അലസതയും താത്്പര്യക്കുറവുമാണ് പ്രാഥമിക ലക്ഷണങ്ങൾ. സംശയ സ്വഭാവം, ഭയം, ഉത്്ക്കണ്ഠ, കാരണമില്ലാതെ ചിരിക്കുക, കരയുക, അർഥമില്ലാതെ സംസാരിക്കുക, ദേഷ്യം, ആത്മഹത്യാ പ്രവണത, കൊലപാതക വാസന തുടങ്ങി അനേകം ലക്ഷണങ്ങളുള്ള രോഗമാണിത്.

30-40 ശതമാനം രോഗികൾക്ക് ചികിത്സയിലൂടെ പൂർണ വിമുക്തി നേടാവുന്ന രോഗമാണിതെന്ന് വിദഗ്ധർ പറയുന്നു. തുടർച്ചയായ മരുന്നുകളും പരിചരണവും വഴി രോഗികൾക്ക് മുന്നോട്ടു പോകാൻ കഴിയും. ഔഷധ ചികിത്സകളും വിവിധ തരത്തിലുള്ള തെറാപ്പികളും ഇന്ന് രോഗികൾക്ക് ലഭ്യമാണ്.
കൊവിഡ് പോലുള്ള സാഹചര്യത്തിൽ പലരും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ നിർത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായാണ് കൊവിഡ് രോഗികളെ ടെലിഫോൺ വഴി കൗൺസലിംഗിന് വിധേയമാക്കുന്ന സൈക്കോ സോഷ്യൽ കൗൺസിലർമാർ പറയുന്നത്.

മരുന്ന് നിർത്തുന്നത് മൂലം രോഗം മൂർച്ഛിക്കാനും അനുബന്ധ പ്രശ്‌നങ്ങളിലേക്കു നയിക്കാനും സാധ്യതയുള്ളതിനാൽ ഡോക്്ടറുടെ നിർദേശ പ്രകാരമല്ലാതെ ഒരിക്കലും മരുന്നുകൾ നിർത്തരുത് എന്നാണ് ഇത്തരം രോഗികളെ പരിചരിക്കുന്നവർക്കുള്ള നിർദേശം. മരുന്നുകൾ കൊടുക്കുന്നതിൽ പരിചാരകർക്ക് വലിയ പങ്കുണ്ട്.
രോഗികളിൽ ആത്മഹത്യാ പ്രവണതയുടെ ഏതെങ്കിലും സൂചന കണ്ടാൽ അക്കാര്യം ഉടനെ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കണമെന്നും നിർദേശിക്കുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest