Kerala
ലക്ഷദ്വീപ് കാവിവത്കരണത്തിൽ പ്രതിഷേധം കനക്കുന്നു

മട്ടാഞ്ചേരി | കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾ വൻ പ്രതിഷേധത്തിന് വഴിവെക്കുന്നു. കാവിവത്കരണത്തിനുള്ള നീക്കം നടക്കുന്നതായാണ് ആരോപണം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ ഖേദാ പട്ടേലിന്റെ നീക്കങ്ങൾക്കെതിരെ വിദ്യാർഥികൾ നവമാധ്യമങ്ങൾ വഴി തുടങ്ങി വെച്ച പ്രതിഷേധം ഇപ്പോൾ പൊതുജനം ഏറ്റെടുത്തിരിക്കുകയാണ്.
കൊവിഡ് കാലത്ത് വിദ്യാർഥി വിപ്ലവം വീട്ടുപടിക്കൽ എന്ന പ്രമേയവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്്സ് അസോസിയേഷൻ ആരംഭിച്ച ഓൺലൈൻ പ്രതിഷേധം പ്രായവും രാഷ്ട്രീയവും നോക്കാതെ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടൊപ്പം സേവ് ലക്ഷദ്വീപ് ക്യാമ്പയിന് വിവിധ ഭാഗങ്ങളിൽ ലഭിച്ച പിന്തുണ പ്രതിഷേധത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.
ബീഫ് നിരോധം നടപ്പാക്കാനുള്ള നീക്കവും പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പുതിയ അഡ്മിനിസ്‌ട്രേറ്റർ കൊവിഡ് പ്രതിരോധത്തിൽ വരുത്തിയ മാറ്റങ്ങളും പ്രതിഷേധത്തിന് ശക്തികൂട്ടി. മുൻ അഡ്മിനിസ്‌ട്രേറ്റർ ദ്വിനേശർ ശർമ ജനപ്രതിനിധികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പാക്കിയ കൊവിഡ് പ്രതിരോധ നടപടികൾ മൂലം കഴിഞ്ഞ വർഷം ഒരു കേസ് പോലും ലക്ഷദ്വീപിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം ചുമതലയേറ്റ പ്രഫുൽ ഖേദാ പട്ടേലിന്റെ പരിഷ്‌കാരങ്ങളെ തുടർന്ന് ദ്വീപിൽ കൊവിഡ് കേസുകൾ വർധിക്കുകയും അടച്ചിടേണ്ട അവസ്ഥ വരികയും ചെയ്തു.
സന്പർക്ക വിലക്ക് മാനദണ്ഡങ്ങൾ ഉൾപ്പെടെ എടുത്ത് കളഞ്ഞ് ദ്വീപിലെ നടപടിക്രമങ്ങളുടെ ഭാഗമായ സ്റ്റാൻഡേർഡ് ഓപറേഷൻ പ്രൊസീജ്യർ തിരുത്തി. ലോക്ക്ഡൗൺ സമയത്ത് ഭക്ഷ്യ സുരക്ഷക്കാവശ്യമായ നടപടികളും സ്വീകരിച്ചില്ലെന്ന വിമർശം വ്യാപകമാണ്. ചികിത്സാ സൗകര്യം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്ന് ആക്ഷേപമുണ്ട്.
ദ്വീപിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുകയോ ശമ്പള കുടിശ്ശിക നൽകുകയോ ചെയ്തില്ല. ഇക്കാര്യത്തിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് പശു, പോത്ത് എന്നിവയെ കശാപ്പ് ചെയ്യുന്നതിന് നിരോധം ഏർപ്പെടുത്താനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ മറവിൽ ഇത് വീണ്ടും നടപ്പാക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ലോകത്ത് തന്നെ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപിൽ ഗുണ്ടാ നിയമം കൊണ്ട് വരാനുള്ള നീക്കം ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഭാഗമാണെന്നും സംശയിക്കപ്പെടുന്നു.
കെ എസ് യു ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ട്വീറ്റ് ചെയ്തതിന് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന്റെയും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്.