Kerala
കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് സംഘത്തെ ഇറക്കിവിട്ടു

കോഴിക്കോട് | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് സംഘത്തെ ഇറക്കിവിട്ടു. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും ക്യാമറമാനും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ബി ജെ പി പ്രതിനിധികള്‍ വന്ന് ഏഷ്യാനെറ്റ് സംഘത്തോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ബി ജെ പിയുടെ വാര്‍ത്താസമ്മേളനം ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു നടപടി.
നേരത്ത ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെതിരെ സമാന നടപടിയുണ്ടായിരുന്നു. ബി ജെ പി നേതാവെന്നതിലുപരി കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ നടപടി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് കോഴിക്കോട് ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ തുടര്‍ച്ചയായി ബി ജെ പിയുടെ ഭാഗത്ത് നിന്നും ഇത്തരം അവഹേളനമുണ്ടായിട്ടും ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.