Kerala
മലപ്പുറത്ത് ഉള്‍പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന: എസ് പി

മലപ്പുറം | കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഉള്‍പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസ് പി . എസ് സുജിത്ത്. ഇതിനായി മൊബൈല്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്ന് എസ് പി പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി ശക്തമാക്കാനാണ് തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളില്‍ മൂന്നിലും അത് പിന്‍വലിച്ചിരുന്നുവെങ്കിലും മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. ഈ സാഹചര്യത്തിലാണ് മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനമായത്.