Connect with us

National

കര്‍ണാടകയില്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ യുവാക്കള്‍ക്കിടയില്‍ മരണ നിരക്ക് കൂടുന്നു

Published

|

Last Updated

ബെംഗളുരു  | കര്‍ണാടകയില്‍ യുവാക്കള്‍ക്കിടയില്‍ കൊവിഡ് മരണം കൂടുന്നതായി കണക്കുകള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊവിഡ് വന്ന് മരിച്ചവരില്‍ 56 ശതമാനം പേര്‍ 20 മുതല്‍ 49വരെ
വയസിനിടയിലുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17 മുതല്‍ മെയ് 17വരെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,432 കൊവിഡ് മരണങ്ങളാണ്. ഇതില്‍ 2,465 പേര്‍ 20 മുതല്‍ 45 വയസുവരെയുള്ള ഗ്രൂപ്പില്‍ പെടുന്നവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

ആദ്യത്തെ കൊവിഡ് തരംഗത്തില്‍ നിന്നും വിഭിന്നമായി ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ മരണ നിരക്ക് കുത്തനെ വര്‍ദ്ധിക്കുകയാണ് എന്നാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. ആശുപത്രിയിലെ ഐസിയു കിടക്കകളില്‍ 30 ശതമാനത്തോളം ഉള്ളത് യുവാക്കളാണെന്ന് ജയ നഗറിലെ സാഗര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ മഹേന്ദ്ര കുമാര്‍ പറയുന്നു.

ഇത്തരത്തില്‍ ഐസിയുവില്‍ എത്തുന്ന മിക്ക യുവാക്കളായ കൊവിഡ് രോഗികള്‍ക്കും രോഗം സ്ഥിരീകരിച്ച് 8 മുതല്‍ 11 ദിവസം വരെ കാര്യമായ ലക്ഷണമൊന്നും കാണുന്നില്ലെന്നും പെട്ടെന്നാണ് ആരോഗ്യ നില വഷളാകുന്നത് എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മരണപ്പെട്ട യുവാക്കളില്‍ പലരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസാണ് എന്നതാണ് ഈ സംഭവം ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകതയെന്ന് കര്‍ണാടക സ്റ്റേറ്റ് കൊവിഡ് ഉപദേശക സമിത അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കര്‍ണാടകയില്‍ ഇതുവരെ, 20-29 വയസ് ഗ്രൂപ്പിലുള്ള 4.1 ലക്ഷം പേര്‍ക്ക് കൊവിഡ് വന്നിട്ടുണ്ട്, 30-39 വരെ വയസുള്ളവരില്‍ 5.1 ലക്ഷമാണ് കൊവിഡ് വന്നവരുടെ എണ്ണം. 40-49 വരെ വയസുള്ളവരുടെ കൂട്ടത്തില്‍ രോഗം വന്നവരുടെ എണ്ണം 4 ലക്ഷത്തിന് അടുത്ത് വരും. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ മരണനിരക്ക് ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതേ സമയം രണ്ടാം തരംഗം യുവാക്കളില്‍ കൂടുതലായി ബാധിക്കുന്നുത് കൊവിഡ് പ്രോട്ടോക്കോള്‍ യുവാക്കള്‍ പാലിക്കാത്തതിനാലാണ് എന്നാണ് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു

---- facebook comment plugin here -----

Latest