Covid19
വാക്‌സീന്‍ ക്ഷാമം; കൂടുതല്‍ കമ്പനികള്‍ക്ക് നിര്‍മാണാനുമതി നല്‍കാനുള്ള നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി | രാജ്യത്തെ വാക്‌സീന്‍ ക്ഷാമം പരിഹരിക്കാനുള്ള പരിശ്രമവുമായി കേന്ദ്രം. വാക്‌സീന്‍ ഉത്പാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ നിര്‍മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ബയോസേഫ്ടി ലെവല്‍ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് ആവശ്യമുള്ളത് ഉത്പാദിപ്പിച്ച് സംഭരിക്കാനും അധികമായി വരുന്നത് കയറ്റുമതി ചെയ്യാനുമാണ് ആലോചിക്കുന്നതെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ആഗസ്റ്റ് മുതല്‍ വിദേശത്ത് നിന്ന് കൂടുതല്‍ വാക്‌സീന്‍ രാജ്യത്ത് എത്തുമെന്നാണ് വിവരം. അതേസമയം, കുട്ടികളിലെ മരുന്ന് പരീക്ഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവരിലെ രണ്ട് മൂന്ന് ഘട്ട വാക്‌സീന്‍ പരീക്ഷണം രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങാന്‍ അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതി നടപടി.