Connect with us

Ongoing News

വി ശിവൻകുട്ടി: തലസ്ഥാനത്തെ ജനകീയ മുഖം

Published

|

Last Updated

തിരുവനന്തപുരം | പരുക്കനെന്ന തലക്കെട്ടിനപ്പുറം തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ് വി ശിവൻകുട്ടി. തൊഴിലാളികളുടെ പ്രിയ നേതാവ്, മികച്ച കായിക സംഘാടകൻ, ഭരണ കർത്താവ് എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും ശിവൻകുട്ടിയുടെ സാന്നിധ്യം തലസ്ഥാനത്ത് പ്രകടമാണ്. അതിശക്തമായ പോരാട്ടത്തിനൊടുവിൽ ത്രസിപ്പിക്കുന്ന വിജയം ഉറപ്പാക്കിയ ശിവൻകുട്ടി ബി ജെ പിയുടെ കേരളത്തിലെ ഏക അക്കൗണ്ടും പൂട്ടിയെന്ന് ഉറപ്പാക്കിയാണ് നിയമസഭയിലും ഇപ്പോൾ മന്ത്രിസഭയിലേലും എത്തിയിരിക്കുന്നത്.

2011ൽ നേമത്തെയും, 2006ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തെയും പ്രതിനിധീകരിച്ച ശിവൻകുട്ടിക്ക് നിയമസഭയിൽ ഇത് മൂന്നാമൂഴമാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ശിവൻകുട്ടി സി പി എം സംസ്ഥാന കമ്മിറ്റി അംഗം, സി ഐ ടി യു സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്, കില ചെയർമാൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. 1954 നവംബർ 10ന് എം വാസുദേവൻ പിള്ളയുടെയും പി കൃഷ്ണമ്മയുടെയും മകനായി ചെറുവക്കലിൽ ജനനം. ബിരുദധാരി. എൽ എൽ ബി പൂർത്തിയാക്കി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ചുമതലകൾ വഹിച്ചു. ചെമ്പഴന്തി എസ് എൻ കോളജിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിലായി.

കേരള സർവകലാശാല സെനറ്റ്, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ എന്നിവയിൽ അംഗമായിട്ടുണ്ട്. പ്രസിഡന്റായിരിക്കെ ഉള്ളൂർ പഞ്ചായത്ത് തലസ്ഥാന ജില്ലയിൽ ഒന്നാമതെത്തി. തിരുവനന്തപുരം മേയർ ആയിരിക്കെ നഗര ശുചീകരണത്തിന് നൂതന പദ്ധതികൾക്ക് തുടക്കമിട്ടു. ആൾ ഇന്ത്യാ മേയേഴ്സ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായി. ഒട്ടേറെ ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

Latest