Connect with us

Kerala

പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിന്റെ അനുഭവക്കരുത്തില്‍ സ്പീക്കറാകാന്‍ എം ബി ആര്‍

Published

|

Last Updated

തിരുവനന്തപുരം | സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പത്തു വര്‍ഷം എം പി പദവിയിലിരുന്നതിന്റെയും അനുഭവക്കരുത്തുമായി എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനത്തേക്ക്. പാര്‍ലിമെന്റില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ച എം ബി ആറിനെ സഭയുടെ നേതൃസ്ഥാനത്തേക്ക് നിയോഗിച്ചത് ഉചിതമായ തീരുമാനമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മുമ്പ് രണ്ടു തവണ കൈവിട്ട തൃത്താലയാണ് സി പി എം രാജേഷിലൂടെ തിരിച്ചുപിടിച്ചത്. 3000ത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു വിജയം.

ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാര്‍ ആയിരുന്ന മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും കാറല്‍മണ്ണ മംഗലശ്ശേരി എം കെ രമണിയുടെയും മകനാണ് രാജേഷ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും നേടി. എസ് എഫ് ഐയിലൂടെയും പിന്നീട് ഡി വൈ എഫ് ഐയിലൂടെയുമാണ് രാജേഷ് സംഘടനാ രംഗത്ത് സജീവമായത്. നിലവില്‍ സി പി എമ്മിന്റെ സംസ്ഥാന സമിതി അംഗമാണ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര- സാങ്കേതികം, പെട്രോളിയം, ഊര്‍ജകാര്യം, കൃഷി എന്നീ പാര്‍ലിമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചു. 2009 ല്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 2014 ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വീണ്ടും പാര്‍ലിമെന്റ് അംഗമായി. എന്നാല്‍, മൂന്നാമങ്കത്തില്‍ പരാജയപ്പെട്ടു.

പത്ത് വര്‍ഷം യു ഡി എഫ് കൈയടക്കി വച്ചിരുന്ന തൃത്താലയില്‍ ഇക്കുറി എം ബി രാജേഷിലൂടെ എല്‍ ഡി എഫ് വിജയക്കൊടി പാറിക്കുകയായിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസി. പ്രൊഫസറായ നിനിത കണിച്ചേരിയാണ് ഭാര്യ. പ്ലസ്ടു വിദ്യാര്‍ഥിനിയായ നിരഞ്ജന നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിയദത്ത എന്നിവര്‍ മക്കള്‍.

---- facebook comment plugin here -----

Latest