National
യു പിയിലെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥയില്‍ പൊട്ടിത്തെറിച്ച് അലഹബാദ് ഹൈക്കോടതി

ലക്നൗ | ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധ രംഗത്തെ വീഴ്ചക്കെതിരേയും ആരോഗ്യ സംവിധാനത്തിന്റെ പരാജയത്തിനെതിരേയും കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. യു പിയിലെ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് മൃതദേഹം സംസ്‌കരിച്ച മീററ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതി വിമര്‍ശം.
നഗരത്തിലെ ഒരു മികച്ച ആശുപത്രിയിലെ സ്ഥിതി ഇതാണെങ്കില്‍ യു പിയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അശ്രദ്ധയോടെ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിരപരാധികളായ ജനങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് തമാശ കളിക്കാനുള്ളതല്ല. ഇത്തരം അനാസ്ഥ കാണിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മതസ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിനികുതിനിയമപ്രകാരം ആനൂകുല്യം കൈപ്പറ്റുന്ന വന്‍കിട കമ്പനികള്‍ ഇനിയെങ്കിലും മാറി ചിന്തിക്കണം. അത്തരം സംഭാവനകള്‍ വാക്സിനുകള്‍ക്കായി ഉപയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊവിഡുമായി ബന്ധപ്പെട്ട് അടുത്തിടെ യു പിയില്‍ നിന്ന് പുറത്തുവന്നത് കരളലയിപ്പിക്കുന്ന വാര്‍ത്തകളായിരുന്നു. ഗംഗയിലും മറ്റും അജ്ഞാത മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു. മണല്‍തിട്ടകളില്‍ കുഴിച്ചിട്ട മൃതദേങ്ങള്‍ നായയും കഴുകനും കൊത്തിവലിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായിരുന്നു.