Articles
മന്ത്രിസഭാ രൂപവത്കരണവും രാഷ്ട്രീയ സന്ദേശവും

രണ്ടാം പിണറായി സര്‍ക്കാറില്‍ 21 മന്ത്രിമാര്‍. കേരള നിയമസഭയുടെ വലുപ്പം അനുസരിച്ച് ആകാവുന്ന പരമാവധി എണ്ണം. പിന്നെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും. ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് പുറമെ. അതായത് ക്യാബിനറ്റ് പദവിയുള്ളയാളുകളുടെ എണ്ണം 24 ആകും. ഭരണ പരിഷ്‌കാര കമ്മീഷന്‍, മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന ക്യാബിനറ്റ് പദവികള്‍ ഇനിയുണ്ടാകില്ലെന്ന് വിചാരിക്കാം. എന്നാലും ഈ സംഖ്യ അല്‍പ്പം അധികമല്ലേ എന്ന സന്ദേഹത്തിന് സ്ഥാനമുണ്ട്. 1996ല്‍ ഇ കെ നായനാര്‍ മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയുടെ വലുപ്പം കുറക്കാന്‍ തീരുമാനമെടുത്ത് നടപ്പാക്കിയിരുന്നു സി പി എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. പതിനാലായിരുന്നു അന്ന് മന്ത്രിസഭാംഗങ്ങളുടെ എണ്ണം. പാര്‍ട്ടിയില്‍ നിന്ന് മന്ത്രിമാരാകേണ്ടവരുടെ എണ്ണം ഏഴായി കുറച്ച്, ഘടക കക്ഷികള്‍ക്കൊക്കെ അംഗത്വം ഉറപ്പാക്കുകയാണ് അന്ന് ചെയ്തത്. സി പി ഐയുടെ മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആര്‍ എസ് പി, കേരള കോണ്‍ഗ്രസ് (ജോസഫ്), കോണ്‍ഗ്രസ് (എസ്), ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ക്കൊക്കെ പ്രാതിനിധ്യം നല്‍കുകയും ചെയ്തു.
അന്നത്തെ മന്ത്രിസഭയില്‍ വൈദ്യുതിയും സഹകരണവും ആദ്യം കൈകാര്യം ചെയ്തത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമേറ്റെടുത്ത് മന്ത്രിപദമൊഴിഞ്ഞപ്പോള്‍ രണ്ട് വകുപ്പുകളുടെയും ചുമതല എസ് ശര്‍മ ഏറ്റെടുത്തു. ജലവിഭവവും തൊഴിലും ആദ്യം ബേബി ജോണും പിന്നീട് വി പി രാമകൃഷ്ണപിള്ളയും കൈകാര്യം ചെയ്തു. ഫിഷറീസും ഗ്രാമവികസനവും ടി കെ രാമകൃഷ്ണന്‍ കൈകാര്യം ചെയ്തു. വിദ്യാഭ്യാസവും പൊതുമരാമത്തും ഭരിച്ചത് പി ജെ ജോസഫാണ്. പില്‍ക്കാലത്ത് ഓരോ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ അന്ന് ഒരാള്‍ കൈകാര്യം ചെയ്തിരുന്നുവെന്നര്‍ഥം. അങ്ങനെ കൈകാര്യം ചെയ്തതുകൊണ്ട് എന്തെങ്കിലും തകരാറുണ്ടായിരുന്നതായി പില്‍ക്കാലത്ത് സി പി എമ്മോ ഇടതു മുന്നണിയോ വിലയിരുത്തിയിട്ടില്ല. എങ്കിലും കൂടുതല്‍ പേരെ മന്ത്രിമാരാക്കുക എന്ന രീതിയിലേക്ക് പിന്നീട് സി പി എമ്മും ഇടതു മുന്നണിയും മാറി.
ഭരണത്തിന്റെ ചെലവ് കുറക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് 1996ല്‍ മന്ത്രിമാരുടെ എണ്ണം 14 ആയി കുറക്കുക എന്ന തീരുമാനം എടുത്തത്. പ്രകൃതി ദുരന്തങ്ങളും കൊവിഡെന്ന മഹാമാരിയും വലിയ ആഘാതം സാമ്പത്തിക മേഖലയില്‍ ഏല്‍പ്പിച്ച കാലമാണിത്. അതുകൊണ്ടുതന്നെ ഭരണച്ചെലവ് കുറക്കുക എന്നത് ഇപ്പോള്‍ കൂടുതല്‍ പ്രസക്തവും. എന്നിട്ടും പരമാവധി മന്ത്രിമാരെ നിയോഗിക്കാന്‍ സി പി എമ്മും ഇടതു ജനാധിപത്യ മുന്നണിയും തീരുമാനിക്കുമ്പോള്‍ ഭരണം സുഗമമാക്കുക എന്നതിനപ്പുറത്തുള്ള രാഷ്ട്രീയം അതിലുണ്ടെന്ന് തന്നെ കരുതണം.
1996ല്‍ നിന്ന് 2021ലെത്തുമ്പോള്‍ വകുപ്പുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ജോലിഭാരം കൂടിയിട്ടുമുണ്ട്. 1996ല്‍ പി ജെ ജോസഫ് ഒരുമിച്ച് കൈകാര്യം ചെയ്ത വിദ്യാഭ്യാസവും പൊതുമരാമത്തും ഇപ്പോള്‍ ഒരാള്‍ക്ക് കൈകാര്യം ചെയ്യുക പ്രയാസം. 2016 മുതല്‍ 2021 വരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഇനിയുള്ള കാലത്ത് ഈ വകുപ്പുകള്‍ക്ക് പിടിപ്പത് ചെയ്യാനുണ്ടാകും. അത് ഒരു മന്ത്രി കൈകാര്യം ചെയ്താല്‍ ഒരുപക്ഷേ, ലക്ഷ്യമിടുന്നതിന്റെ അടുത്തൊന്നും എത്തിക്കോളണമെന്നില്ല. വൈദ്യുതിയും സഹകരണവും പിണറായി വിജയന്‍ ഒറ്റക്ക് കൈകാര്യം ചെയ്ത 1996ലെ അവസ്ഥയല്ല 2021ല്‍. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണമെന്നിവക്കപ്പുറത്ത് കെ ഫോണ്‍ പോലുള്ള വലിയ പദ്ധതികളുടെ നിര്‍വഹണം ആ വകുപ്പിനെ കാത്തിരിക്കുന്നു. സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പും (പിരിച്ചുവിടലും) മാത്രമല്ല സഹകരണ വകുപ്പിന്റെ ചുമതല. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യവും സാമൂഹിക ക്ഷേമവുമാണ് കെ കെ ശൈലജ കൈകാര്യം ചെയ്തത്. പുതിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാത്രം ഒരു മന്ത്രി കൈകാര്യം ചെയ്യേണ്ടിവന്നേക്കും. അത്രക്ക് വലിയ വെല്ലുവിളികള്‍ ആ വകുപ്പിന് മുന്നിലുണ്ട്.
ആകയാല്‍ ഭരണച്ചെലവേറുമെന്ന ഒറ്റ മാനദണ്ഡത്തെ അടിസ്ഥാനമാക്കി മന്ത്രിസ്ഥാനം നിശ്ചയിക്കുന്നത് പുതിയ കാലത്ത് അത്ര പ്രായോഗികമാണെന്ന് കരുതുക വയ്യ. എങ്കിലും ചെയ്യാമായിരുന്ന നിയന്ത്രണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും തയ്യാറാകുന്നില്ല എന്നത് പറയാതിരിക്കാനാകില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 62 സീറ്റില്‍ വിജയിച്ചിട്ടുണ്ട് സി പി എം. ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐ 17 സീറ്റിലും ജയിച്ചു. ഈ രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 79 സീറ്റായി. കേവല ഭൂരിപക്ഷത്തിന് വേണ്ടതിലും എട്ട് സീറ്റ് അധികം. പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് (എം), എല്‍ ജെ ഡി എന്നിവക്ക് ചേര്‍ന്ന് കിട്ടിയത് ആറ് സീറ്റാണ്. അത് കിഴിച്ചാലും എല്‍ ഡി എഫിന് 93 സീറ്റുണ്ട്. മന്ത്രിസ്ഥാനങ്ങളില്ലെന്ന് ചെറു ഘടക കക്ഷികളോട് കര്‍ശനമായി പറയാന്‍ സി പി എം നേതൃത്വത്തിനോ പിണറായി വിജയനോ മടിക്കേണ്ട സാഹചര്യം മുന്നിലില്ല തന്നെ. എന്നിട്ടും ഏതാണ്ടെല്ലാ ഘടക കക്ഷികള്‍ക്കും അധികാരത്തില്‍ ഇടമുറപ്പാക്കാന്‍ ശ്രമിച്ചിരിക്കുന്നു.
ഘടക കക്ഷിയാകാന്‍ അപേക്ഷ നല്‍കി കാല്‍ നൂറ്റാണ്ട് കാത്തുനില്‍ക്കേണ്ടിവന്നു ഐ എന്‍ എല്ലിന്. ഘടക കക്ഷിയായതിന് ശേഷം അവരുടെ ഏക എം എല്‍ എക്ക് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം നല്‍കുമ്പോള്‍, ഇനിയും സി പി എമ്മുമായി അത്രത്തോളം അടുക്കാത്ത മുസ്‌ലിം സമുദായത്തെ സവിശേഷമായി അഭിസംബോധന ചെയ്യുകയാണ്. കേരള കോണ്‍ഗ്രസ് (എം) യു ഡി എഫില്‍ തുടരുകയും ആ മുന്നണി അധികാരത്തിലെത്തുകയും ചെയ്തിരുന്നുവെങ്കില്‍ അഞ്ച് എം എല്‍ എമാരായിരുന്നുവെങ്കിലും അവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനമുണ്ടാകുമായിരുന്നു. ഒരു മന്ത്രി സ്ഥാനം മാത്രം നല്‍കിക്കൊണ്ട്, കേരള കോണ്‍ഗ്രസി(എം)നെ അവരുടെ യഥാര്‍ഥ വലുപ്പം ബോധ്യപ്പെടുത്തുമ്പോള്‍ തന്നെ, ആന്റണി രാജുവിന് ആദ്യ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട്, അത്രക്കടുപ്പം ഇപ്പോഴുമില്ലാത്ത മറ്റൊരു സമുദായത്തിന് സന്ദേശം നല്‍കുകയാണ് പിണറായിയും ഇടതു മുന്നണിയും. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറാണെന്ന പ്രഖ്യാപനമാണ് അതിലൂടെ നടത്തുന്നത്. വരുന്ന അഞ്ച് വര്‍ഷത്തെ ഭരണം മുന്‍നിര്‍ത്തിയല്ല, അതിനപ്പുറത്ത് ഇടതു മുന്നണിയുടെ രാഷ്ട്രീയാടിത്തറ ഭദ്രമാക്കുന്നതിനുള്ള തന്ത്രമാണത്. സാമൂഹികക്ഷേമ പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കലിലൂടെ മാത്രമല്ല, ഇടതു ജനാധിപത്യ മുന്നണി തുടര്‍ഭരണമുറപ്പാക്കിയത് എന്ന് സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ബോധ്യപ്പെടും. അതിനൊപ്പമുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് വിജയത്തിനൊരു മുഖ്യ കാരണമായിട്ടുണ്ട്. ആ സോഷ്യല്‍ എന്‍ജിനീയറിംഗ് വിപുലീകരിക്കുകയാണ് മന്ത്രിസഭാ രൂപവത്കരണത്തില്‍ പിണറായിയും സി പി എമ്മും ചെയ്യുന്നത്.
അധികാരത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ടാകുക എന്നത് കൂടി ജനാധിപത്യത്തില്‍ പ്രധാനമാണ്. അതുറപ്പാക്കേണ്ട ഉത്തരവാദിത്വം ഭരണ നേതൃത്വത്തിനുണ്ട്. അതിന് ഭരണച്ചെലവ് അല്‍പ്പം ഏറിയാലും തകരാറ് പറയാനാകില്ല. പക്ഷേ, അത്തരം പ്രാതിനിധ്യമൊക്കെ ഉറപ്പാക്കിക്കൊണ്ടാണ് 1996ല്‍ മന്ത്രിമാരുടെ എണ്ണം 14 ആയി നിജപ്പെടുത്തിയത്. അവിടെ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്തത് സി പി എമ്മായിരുന്നു, പാര്‍ട്ടി പ്രതിനിധികളുടെ എണ്ണം ഏഴായി ചുരുക്കിക്കൊണ്ട്.
പുതിയ കാലത്ത് അത്രയും കര്‍ശനമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുക എന്നത് എളുപ്പമല്ലെന്ന് സി പി എം നേതൃത്വം തിരിച്ചറിയുന്നുണ്ട്. പാര്‍ലിമെന്ററി വ്യാമോഹവും മന്ത്രിസ്ഥാന മോഹവും ചെറുതല്ലാത്ത അളവിലുണ്ട് നേതൃഗണത്തിന്. പൊളിറ്റിക്കല്‍ ക്രിമിനലിസമെന്ന വിമര്‍ശത്തിലേക്ക് ജി സുധാകരനെപ്പോലൊരു അഴിമതിമുക്തനായ നേതാവിനെ എത്തിച്ചത്, സ്ഥാനനഷ്ടത്തിലെ ഖേദം കൂടിയാണല്ലോ.
ചെലവേറിയ ഭരണത്തിന് ഇടതു ജനാധിപത്യ മുന്നണി തീരുമാനിക്കുമ്പോള്‍, അതിനനുസരിച്ചുള്ള പ്രതീക്ഷ ജനം വെച്ചുപുലര്‍ത്തുന്നുണ്ട്. ആരോപണങ്ങള്‍ക്കും അതേച്ചൊല്ലിയുണ്ടായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുമപ്പുറത്ത് ഭരണം തുടരട്ടെ എന്ന് അവര്‍ തീരുമാനിച്ചതും ആ പ്രതീക്ഷയിലാണ്. അതിലൊരു കടുകുമണിത്തൂക്കം (പിണറായി വിജയന്റെ ഭാഷ കടമെടുത്ത്) കുറവുണ്ടായാല്‍ ഭരണച്ചെലവിലെ ഈ വര്‍ധനയായിരിക്കും ആദ്യം വിചാരണ ചെയ്യപ്പെടുക.
രാജീവ് ശങ്കരന്‍