Connect with us

National

നാരദ കൈക്കൂലി കേസ്: അറസ്റ്റിലായ തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എക്കും ജാമ്യം

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം . കൊല്‍ക്കത്തയിലെ സിബിഐ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

നാരദ ന്യൂസ് സംഘത്തിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ സാങ്കല്‍പിക കമ്പനിയില്‍നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കിം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്ന് രാവിലെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിനു മുന്‍പിലെത്തി പ്രതിഷേധിച്ചിരുന്നു. മമതക്കൊപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും സിബിഐയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്.

2014ലാണ് സംസ്ഥാനത്ത് ഏറെ വിവാദമായ സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest