Kerala
എല്‍ ഡി എഫ് മന്ത്രിസ്ഥാന വിഭജനം ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം | മന്ത്രിസ്ഥാനം സംബന്ധിച്ച വിഭജനം അന്തിമമായി പൂര്‍ത്തിയാക്കുന്നതിനായി നിര്‍ണായക എല്‍ ഡി എഫ് യോഗം ഇന്ന് ചേരും. 20ന് സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ മുന്നണിയിലെ വിവിധ പാര്‍ട്ടികളുനമായി മന്ത്രി സ്ഥാനം സംബന്ധിച്ച് സി പി എം ഇന്ന് ധാരണയിലെത്തും. വരും ദിവസങ്ങളില്‍ അതത് പാര്‍ട്ടികളില്‍ ആരൊക്കെ മന്ത്രിയാകണമെന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐ എന്‍ എല്‍ എന്നീ ഒരു എംല്‍ എമാരുള്ള കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് ധാരണ. ആര്‍ക്കൊക്കെ ആദ്യം ഊഴം എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.
ആന്റണി രാജുവും ഗണേഷ്‌കുമാറും ആദ്യ രണ്ടര വര്‍ഷവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും അഹമ്മദ് ദേവര്‍കോവിലും അടുത്ത ടേമിലേക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. ആദ്യം ടേം വേണമെന്നാണ് ഐ എന്‍ എല്ലിന്റെ ആവശ്യം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഇന്നും ആവശ്യപ്പെടുമെങ്കിലും ഒന്ന് കിട്ടാനേ സാധ്യതയുള്ളൂ. ചീഫ് വിപ്പ് പദവി കൂടി കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കും. ജെ ഡി എസിന്റെ മന്ത്രി ആരെന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കെ കൃഷ്ണന്‍കുട്ടിയോ, മാത്യൂ ടി തോമസോ ആര് വേണം മന്ത്രി എന്നതില്‍ ദേവഗൊഡ ഇന്ന് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. അതേ പോലെ എന്‍ സി പിയുടെ മന്ത്രി സ്ഥാനത്തില്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
സി പി എമ്മിന് 12ഉം സി പി ഐക്ക് നാലും മന്ത്രി സ്ഥാനം സംബന്ധിച്ച് നേരത്തെ തീരുമാനമായിട്ടുണ്ട്. സി പി എമ്മിന്റെ മന്ത്രിമാരായി ആരെല്ലാം വരുമെന്നാണ് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.