Kerala
15 തൊഴിലാളികളുമായി ബേപ്പൂരില്‍നിന്നും പോയ ബോട്ട് കണ്ടെത്തി

കോഴിക്കോട് | ബേപ്പൂരില്‍ നിന്നും 15 തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് കടലില്‍ പോയ അജ്മീര്‍ഷ എന്ന ബോട്ട് കണ്ടെത്തി. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണ് ബോട്ട്. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി നിയുക്ത എംഎൽഎ അഡ്വ. പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ കരപറ്റും എന്നാണ് അല്പസമയംമുൻപ് സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ വിളിച്ചറിയിച്ചതെന്ന് റിയാസ് വ്യക്തമാക്കി.
മിലാദ് – 03 എന്ന രണ്ടാമത് ബോട്ടും കാലാവസ്ഥ അനുകൂലമായാൽ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ ശരവേഗത്തിൽ ഇടപെട്ട, സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ , കോസ്റ്റ്ഗാർഡ് ഐജി ശ്രീ ജെന തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു.
ബേപ്പൂരില്‍ നിന്ന് ഈ മാസം അഞ്ചിനാണ് അജ്മീർ ഷാ എന്ന ബോട്ട് കടലില്‍ പോയത്. കെപി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
അതേ സമയം ബേപ്പൂരില്‍നിന്നു തന്നെ കടലില്‍ പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായി. ഇതിലെ 15 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രണ്ട് ബോട്ടിലുമുള്ളത് തമിഴ്‌നാട് സ്വദേശികളാണ്.
അതിനിടെ എറണാകുളം പോഞ്ഞിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോള്‍ഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് സുഹൃത്തിനൊപ്പം ചെറു വള്ളത്തില്‍ ആന്റപ്പന്‍ മത്സ്യബന്ധനത്തിന് പോയത്. കൂടെ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ നീന്തി രക്ഷപെട്ടു.