Connect with us

Cover Story

സൗഹൃദത്തിന്റെ ഈദ്

Published

|

Last Updated

ആഘോഷങ്ങളില്‍ ഐക്യവും സൗഹൃദവുമുണ്ട്. പെരുന്നാള്‍ ദിനം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന കൂടിച്ചേരലുകള്‍ കൂടിയാണ്. ചെറുപ്പകാലത്ത് റമസാനെന്നപോലെ പെരുന്നാളെത്തിയാലും വലിയ സന്തോഷമാണ്. നോമ്പ് അനുഷ്ഠിക്കാനുള്ള അതേ ആവേശം പെരുന്നാളിനുമുണ്ടാകും. അക്കാലത്ത് ശവ്വാല്‍ പിറ കണ്ട വിവരം ലഭിക്കാനൊക്കെ ഏറെ വൈകും. ഇന്നത്തെ പോലെ വിവരങ്ങളറിയിക്കാനുള്ള സൗകര്യങ്ങളില്ല. പെരുന്നാളായെന്നറിഞ്ഞാല്‍ പിന്നെ തക്ബീര്‍ ധ്വനികളുയരും. പള്ളികളിലും വീടുകളിലും ഒരുപോലെ തക്ബീറുകളുയരും. കുട്ടികൾ പള്ളിയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴുമെല്ലാം വഴിയില്‍ ഉച്ചത്തില്‍ തക്ബീര്‍ ധ്വനികള്‍ ഉരുവിടും. ഇത് ഒരു ആവേശമായിരുന്നു. പെരുന്നാളിന് ധരിക്കാനുള്ള പുതുവസ്ത്രം മുമ്പേ തൈപ്പിച്ച് വെച്ചുകാണും. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയല്‍ സുന്നത്താണല്ലോ. അക്കാലത്ത് പുതുവസ്ത്രം ലഭിക്കല്‍ വളരേ വിരളമാണ്. പഴയതില്‍ നല്ലത് അണിഞ്ഞ് പോകുന്നവരുമുണ്ട്. കിതാബ് ഓതാന്‍ പോയ ശേഷം പുതുവസ്ത്രം സ്ഥിരമായി ലഭിക്കുമായിരുന്നു. ഇല്‍മിനെ സ്നേഹിക്കുന്ന ഒരു സഹോദരന്‍ മുതഅല്ലിംകള്‍ക്ക് പതിവായി പുതുവസ്ത്രം എത്തിച്ച് നല്‍കിയിരുന്നു. അക്കാലത്തും മുതഅല്ലിമീങ്ങളെ സ്നേഹിക്കുന്നവര്‍ ഏറെ ഉണ്ടായിരുന്നു.
പെരുന്നാളിന് പുലർച്ചെക്ക് ഉമ്മ എണ്ണ തേച്ച് കുളിപ്പിക്കും. നല്ലൊരു പെരുന്നാള്‍ കുളി. അത് കഴിഞ്ഞ് പള്ളിയിലേക്ക് നിസ്്കാരത്തിന് പുറപ്പെടും. ചെറിയ പെരുന്നാളിന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് പള്ളിയിലേക്ക് പുറപ്പെടുക. പള്ളി കഴിഞ്ഞ ശേഷമാണ് പെരുന്നാള്‍ ചോറ് കഴിക്കുക.
ഫിത്വര്‍ സകാത്ത് ഓരോ മുസ്്ലിം വ്യക്തിക്കും നിര്‍ബന്ധമുള്ള കർമമാണ്. ചെറുപ്പകാലത്ത് മാസം കണ്ടാല്‍ ഫിത്വ്്ര്‍ കൊടുക്കാനുള്ള അരി അളന്ന് വെക്കും. അന്നത്തേ കാലം അവകാശികളായവര്‍ രാത്രി തന്നെ സകാത്തിനായെത്തും. ഇവരെയും പ്രതീക്ഷിച്ച് നിൽക്കുമ്പോള്‍ രാത്രി ഉറങ്ങാന്‍ കഴിയില്ല. വീട്ടിലെ അംഗങ്ങളെ കണക്കാക്കി അളന്നുവെച്ച അരിയില്‍ നിന്നും എടുത്ത് വിതരണം ചെയ്യുന്നതാണ് അന്നത്തെ രീതി. ഇന്ന് അവകാശികള്‍ക്ക് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
പെരുന്നാള്‍ നിസ്്കാരം കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തിയാല്‍ ഭക്ഷണം വിളമ്പും.ഇന്നത്തെ പോലെ വിഭവ സമൃദ്ധമല്ല അന്നത്തെ ഭക്ഷണ രീതി.

തേങ്ങാച്ചോറും പോത്തിറച്ചിയുമാണ് പ്രധാനമായുണ്ടാകുക. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കും. വീട്ടിലെത്തുന്നവരെല്ലാം ആ ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധം പിതാവിനുണ്ടായിരുന്നു. വലിയ കലത്തിലാണ് അന്ന് ഭക്ഷണം തയ്യാറാക്കുന്നത്. വീട്ടിലുള്ള സ്ത്രീകളാണ് പാകം ചെയ്യുക. ഒരു പെരുന്നാള്‍ കഴിഞ്ഞ് എടുത്തുവെക്കുന്ന ഈ കലം അടുത്ത പെരുന്നാളിന് മാത്രമാണ് എടുക്കുക. വീട്ടിലുള്ള മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം നിലത്ത് വിരിച്ച പായയില്‍ വട്ടത്തിലിരുന്നാണ് ഭക്ഷണം കഴിക്കുക. വലിയ ഒരു പാത്രത്തില്‍ വെച്ച ചോറ് എല്ലാവരും ഇരുന്ന് ഭക്ഷിക്കും. എല്ലാവരും ഒരേമനസ്സോടെ ഒരു പാത്രത്തില്‍ നിന്നുള്ള ഈ ഭക്ഷണം കഴിക്കലിനും ഒരു ഐക്യമുണ്ട്. പുരുഷന്മാര്‍ കോലായിലും സ്ത്രീകള്‍ അക ത്തുമാണ് ഭക്ഷണത്തിനിരിക്കുക. ഈ സമയം കഴിഞ്ഞ് വീട്ടിലെത്തുന്നവര്‍ക്ക് നല്‍കാനുള്ള ഭക്ഷണവും ഉണ്ടാകും.
കുട്ടിക്കാലം മുതലേ പെരുന്നാള്‍ ദിനത്തിലെ ബന്ധം പുലര്‍ത്തലിന് പ്രാധാന്യം നല്‍കിവന്നു. കുടുംബങ്ങളുടെ അകല്‍ച്ച ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് കുടുംബ ഗൃഹ സന്ദര്‍ശനങ്ങള്‍. പഴയകാലത്ത് “പെരുന്നാള്‍ തെണ്ട”ലെന്നാണ് പഴമക്കാര്‍ ഈ സന്പ്രദായത്തെ വിളിച്ചിരുന്നത്.
ഭക്ഷണ ശേഷമാണ് കുടുംബ വീടുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുക. ഈ സന്ദര്‍ശനത്തോടെ ഇരു വീട്ടുകാര്‍ക്കും സന്തോഷമുണ്ടാകും. വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ പെരുന്നാള്‍ പൈസ നല്‍കുന്ന പതിവുണ്ടായിരുന്നു. ഇത് കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.ചെറിയ മുഷിപ്പുകളുണ്ടെങ്കില്‍ അത് മാറ്റാന്‍ പെരുന്നാള്‍ ദിന സന്ദര്‍ശനം സഹായിക്കും.
അടുപ്പമുള്ള അമുസ്്ലിം സുഹൃത്തുക്കള്‍ക്കും പെരുന്നാള്‍ ഭക്ഷണം നല്‍കാറുണ്ടായിരുന്നു. അമുസ്്ലിം സുഹൃത്തുക്കള്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍ മുസ്്ലിം വീടുകളിലും നേന്ത്രക്കുല പോലുള്ളവ എത്തിച്ച് നല്‍കി അവരുടെ സന്തോഷത്തോടൊപ്പം സൗഹൃദം പങ്കിടുമായിരുന്നു.

പഴയകാലം സൗഹൃദത്തിന്റെയും സഹകരണത്തിന്റെതുമാണ്. ജാതി മത ഭേദമന്യേ എല്ലാവരും സഹായിക്കണം. സാഹോദര്യം നിലനിര്‍ത്തണം. വീട്ടില്‍ സ്ഥിരമായി ജോലി ചെയ്ത ശങ്കുണ്ണി ആശാരി ബാപ്പയോട് തന്റെ ഓർമക്കായി എന്ന് പറഞ്ഞ് പഴയ വീട്ടില്‍ ചുമരില്‍ ഒരു അലമാര നിർമിച്ച് നല്‍കിയത് ഇന്നും ഓര്‍ക്കുന്നു.
അമുസ്്ലിമായ നാട്ടുകാരന്റെ മകന്‍ എന്നെ സന്ദര്‍ശിക്കാനെത്തി നിര്‍ബന്ധപൂർവം ഉപഹാരം നല്‍കുകയും വേണ്ടെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ വാങ്ങാന്‍ നിര്‍ബന്ധിപ്പിച്ചു. “എന്റെ അച്ഛന് നിങ്ങളെ നല്ല ഇഷ്ട്ടമാണെന്ന്” പറഞ്ഞ് അച്ഛനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടതും ഓര്‍ക്കുന്നു. ഇവയെല്ലാം സൗഹൃദത്തില്‍ നിന്നുള്ളതാണ്. പെരുന്നാള്‍ ദിനത്തില്‍ ഇസ്്ലാമിക മൂല്യം ഉയര്‍ത്തിപ്പിടിച്ച് തന്നെ സൗഹൃദം പുതുക്കണം. ഇതാണ് ചെറുപ്പം മുതലുള്ള പാഠം.

ഒരു മാസക്കാലം നോമ്പനുഷ്ഠിച്ച് ആരാധനകളില്‍ മുഴുകിയ വിശ്വാസികള്‍ ഈ ദിനത്തില്‍ ഏറെ സന്തോഷവാന്മാരാകും. വൃത ശുദ്ധിയിലൂടെ സംസ്കരിച്ചെടുത്ത ചിട്ടകള്‍ ജീവിതത്തില്‍ പകര്‍ത്തണം.
പെരുന്നാള്‍ ദിനം ആരാധനകൊണ്ട് ധന്യമാക്കണം. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം ദാനധർമങ്ങള്‍ക്കും ഈ അവസരം ഉപയോഗിക്കണം. – പഴയ കാലങ്ങളെ അനുസ്മരിച്ചുകൊണ്ട് തേജസ്സുള്ള ആ മഹാ പണ്ഡിതൻ ചെറു ചിരിയോടെ ഓർമകൾ പറഞ്ഞുനിർത്തി.
.

Latest