Malappuram
ഫലസ്തീനികള്‍ക്ക് പ്രാര്‍ഥനാ പിന്തുണ നല്‍കി മഅദിന്‍ ആത്മീയ സംഗമം

മലപ്പുറം | ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേര്‍ മരണപ്പെട്ട സംഭവങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ലോക മനുഷ്യാവകാശ തത്വങ്ങളുടെ ലംഘനമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്നും വിശുദ്ധ റമസാനിന്റെ അവസാന നാളുകളില്‍ ഇസ്‌റാഈല്‍ കാട്ടി കൂട്ടുന്ന ഭീകരത അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ഐക്യ രാഷ്ട്ര സഭ ഇടപെടണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ റമസാനിന് വിട ചൊല്ലി മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച വിദാഅന്‍ റമസാന്‍ പ്രാര്‍ഥനാ സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഫലസ്തീനിലെ ജനതക്കായി പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചു.
പതിനായിരത്തിലധികം കുടുംബങ്ങള്‍ ഓൺലൈൻ പരിപാടിയില്‍ സംബന്ധിച്ചു. സമസ്ത സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. സ്വഫ്വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. ദുല്‍ഫുഖാര്‍ അലി സഖാഫി, അഷ്‌കര്‍ സഅദി താനാളൂര്‍, ഹാഫിള് നഈം കുറ്റൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.