Covid19
രാജ്യത്ത് ഇന്നലെ 3,29,942 കൊവിഡ് കേസുകളും 3876 മരണങ്ങളും

ന്യൂഡല്‍ഹി | രാജ്യത്തെ കൊവഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,29,942 പുതിയ കേസും 3876 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,29,92,517 ആയും മരണം 2,49,992 ആയും ഉയര്‍ന്നു. സജീവകേസുകളില്‍ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. ഇതുവരെ 1,90,27,304 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,56,082 പേര്‍ രോഗമുക്തി നേടി. രാജ്യത്തുടനീളം 37,15,221 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
അതിനിടെ പ്രതിദിന കേസുകളില്‍ മഹാരാഷ്ട്രയെ പിന്നിലാക്കി കര്‍ണാടക ഒന്നാമതായി. 24 മണിക്കൂറിനിടെ 39,305 പേര്‍ക്ക് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 37,236 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 46.76 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
രാജ്യത്തുടനീളം 17,27,10,066 പേര്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി. 30,56,00,187 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ തിങ്കളാഴ്ച മാത്രം 18,50,110 സാമ്പിളുകള്‍ പരിശോധിച്ചു.