Connect with us

Ongoing News

കിറ്റിൽ അരിയില്ല; കിറ്റ്‌ വാങ്ങുന്ന ബി ജെ പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു: എം ടി രമേശിനോട് എം വി ജയരാജൻ

Published

|

Last Updated

“പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴി കേരളത്തിൽ അരിയെത്തി സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും-കരുതലായി മോദി സർക്കാർ”. ബി ജെ പി നേതാവ് എം ടി രമേശിന്റെ ഈ എഫ് ബി പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ഈ പോസ്റ്റിന് മറുപടിയുമായി  സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തി. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നും കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല, ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി ജെ പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -” കിറ്റിൽ അരിയില്ല”
============================

കേരളത്തിൽ കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ്‌ സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ്‌ മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്‌. ഒപ്പം, കോവിഡ്‌ രോഗികൾക്കുൾപ്പടെ സമയത്ത്‌ ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ്‌ പിണറായി സർക്കാർ ഭക്ഷ്യകിറ്റ്‌ സൗജന്യമായി നൽകിയതെന്നത്‌ മറ്റൊരു വസ്തുത.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌. കേന്ദ്രസർക്കാരാണ്‌ കിറ്റ്‌ നൽകിയതെങ്കിൽ, എന്തുകൊണ്ട്‌ രാജ്യത്താകെ അത്‌ നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട്‌ ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട്‌ ബി. ജെ. പി നേതാക്കൾ എന്നതാണ്‌ ഈ പുതിയ എഫ്‌. ബി പോസ്റ്റ്‌ വ്യക്തമാക്കുന്നത്‌. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -” കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല”. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം.
– എം വി ജയരാജൻ

---- facebook comment plugin here -----

Latest