Connect with us

Religion

സഹനമാണ് വിശ്വാസിയുടെ ശീലം

Published

|

Last Updated

ത്യാഗം ശീലിക്കാനുള്ള പരിശീലന കളരിയാണ് വ്രതാനുഷ്ഠാനം. ഭക്ഷണം റെഡിയായിരിക്കെ വിശന്നിരിക്കാനും വെള്ളം ലഭ്യമാകുമ്പോള്‍ ദാഹിച്ചിരിക്കാനും ഒരാള്‍ നിര്‍ബന്ധിക്കപ്പെടുന്നത് ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ വന്നാല്‍ സഹിക്കാനാകും എന്ന ധൈര്യം പകരാന്‍ കൂടിയാണ്. ജീവിതത്തിലുടനീളം സഹിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലാണ് ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ എന്ന് ശ്രദ്ധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്ന് നിസ്‌കാരങ്ങളില്‍ മുഴുകുക തുടങ്ങി ആരാധനാക്രമങ്ങളിലെല്ലാം മാനസികമായും ശാരീരികമായും ത്യാഗത്തിന് പാകപ്പെടുത്തുന്ന ഒരു രീതി നിറഞ്ഞുനില്‍ക്കുന്നത് കാണാനാകും.

വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുക മാത്രമല്ല മറ്റുള്ളവരുടെ പ്രതിസന്ധികളെ ഏറ്റുവാങ്ങാനുള്ള ആത്മധൈര്യം കൂടിയാണ് ഇത്തരം സന്ദര്‍ഭങ്ങളിലൂടെ ഒരാളില്‍ ഇസ്‌ലാം സൃഷ്ടിച്ചെടുക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നത് ഒരു വിശ്വാസിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. തിരുനബി(സ)യുടെയും അനുചരരുടെയും തുടങ്ങി ഈ കാലമത്രയും ഇസ്‌ലാമിക സമൂഹത്തിന് മുന്നില്‍ വിളക്കുമാടങ്ങളായി നിലയുറപ്പിച്ച മഹത്തുക്കളുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള അനേകം മാതൃകകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

അബലയായ ഒരു വൃദ്ധയുടെ ചുമട് തലയിലേറ്റി മക്കയിലെ മരുമണലിലൂടെ നടന്നുനീങ്ങിയ തിരുനബി, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള തിരക്കുകള്‍ക്കിടയിലും പലരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കഷ്ടപ്പെടുന്നത് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട.് സഹായം ചോദിച്ചു വന്ന ആളെ തിരിച്ചയക്കാന്‍ മനസ്സു വരാത്തതുകൊണ്ട് അയാള്‍ക്ക് നല്‍കാന്‍ ഒരു ജൂതന്റെ കൈയില്‍ നിന്ന് പണം കടം വാങ്ങുകയും അതിന്റെ പേരില്‍ അയാള്‍ അവിടുത്തെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ചരിത്രത്തിലുണ്ട.് ആ പഴി കേള്‍ക്കുക എന്നത് മറ്റൊരാളുടെ പ്രശ്‌നം പരിഹരിക്കാനുള്ള സന്നദ്ധതയുടെ പേരില്‍ നബി(സ) അനുഷ്ഠിച്ച ത്യാഗമാണ്.

മദീനയുടെ പ്രാന്തപ്രദേശത്ത് തനിച്ചു കഴിയുന്ന വൃദ്ധയും രോഗിയുമായ ഒരു സഹോദരിയുടെ വീട്ടില്‍ അതിരാവിലെ ചെന്ന് അവര്‍ക്കാവശ്യമുള്ള എല്ലാ സേവനങ്ങളും ചെയ്തു മടങ്ങുന്ന അബൂബക്കര്‍സ്വിദ്ദീഖ്(റ) ചരിത്ര പുസ്തകങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ട.് വെളിച്ചം വിതറുന്ന ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ ഒരുങ്ങിപ്പിടിച്ചുള്ള ജനനേതാവിന്റെ സേവനമായിരുന്നില്ല അത്. ഒരു സമൂഹത്തിന്റെ ദാഹം ശമിപ്പിക്കാന്‍ ഒരു കിണറു തന്നെ വാങ്ങി തിരുനബി(സ)ക്ക് സമര്‍പ്പിച്ച ഉസ്മാന്‍(റ)വിന്, ആ ഉദ്യമം ലക്ഷ്യത്തിലെത്തിക്കാന്‍ വലിയ സംഖ്യ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രയാസം പരിഹരിക്കപ്പെടുന്ന അനേകം പേരുണ്ട് എന്ന ബോധ്യം, ആ നഷ്ടം സഹിക്കാന്‍ അദ്ദേഹത്തിന് കരുത്തു പകരുകയായിരുന്നു.

ഇത് ചരിത്രത്തിലെ അപൂര്‍വതകളല്ല. ഇസ്‌ലാമിലെ ഒരു സംസ്‌കാരത്തിന്റെ തുടര്‍ച്ച തന്നെയാണ്. ആത്മീയ സരണിയുടെ ശൈഖും മഹാപണ്ഡിതനുമായി വിശ്രുതനായിട്ടും പണിയായുധങ്ങളുമായി വനത്തില്‍ ചെല്ലാനും വിറക് ശേഖരിച്ച് തലയിലേറ്റി ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചുവരാനും അത് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനും അഹ്മദുല്‍ കബീര്‍ രിഫാഈ(റ) സന്നദ്ധനായിരുന്നു എന്നത്, ഈ ഏറ്റെടുക്കലുകളെ എത്ര മഹത്തരമായാണ് ഇസ്‌ലാം കാണുന്നത് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
മറ്റൊരാളുടെ വിശപ്പ് ശമിപ്പിക്കാന്‍ വേണ്ടി സന്നദ്ധരാകാന്‍ ഇസ്‌ലാം നിരന്തരമായി ഉദ്‌ഘോഷിക്കുന്നു. അതിഥിക്ക് കൊടുത്താല്‍ വീട്ടുകാര്‍ക്ക് കഴിക്കാന്‍ ഒന്നും ബാക്കിയുണ്ടാകില്ല എന്ന ബോധ്യം ഉണ്ടായിരുന്നതുകൊണ്ട് കുട്ടികളെ നേരത്തേ ഉറക്കാനും അകത്തെ വിളക്കണച്ച് ഇരുട്ടില്‍ പാത്രങ്ങള്‍ കൊണ്ട് ശബ്ദമുണ്ടാക്കി ഭക്ഷിച്ചു എന്ന് വരുത്തിത്തീര്‍ക്കാനും ഭാര്യയോട് നിര്‍ദേശിച്ച ആതിഥേയനുണ്ട് നബിയുടെ മദീനയില്‍. അതിനുവേണ്ടി പട്ടിണി കിടന്ന നബി ശിഷ്യന്‍ ചരിത്രത്തില്‍ നിവര്‍ന്നു നില്‍ക്കുന്നതും ഈയൊരു സംസ്‌കാരത്തെ വിളിച്ചോതിക്കൊണ്ട് തന്നെയാണ്.

സാമ്പത്തിക പരാധീനതയുടെ നേരങ്ങളില്‍ ഒരാള്‍ക്ക് ദാനം ചെയ്യുന്നതിന്റെ മഹത്വം ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ കടം കൊടുക്കുന്നവന്‍ അതിന്റെ പകുതി ദാനംചെയ്ത പ്രതിഫലത്തിന് അര്‍ഹനാണ് എന്ന് ഇസ്‌ലാം വാഗ്ദത്വം ചെയ്യുന്നത് മേല്‍പ്പറഞ്ഞ പകുത്തെടുപ്പിന്റെ പകിട്ട് ഒട്ടും ചെറുതല്ല എന്ന് വിളംബരപ്പെടുത്തുകയാണ്.

ഇങ്ങനെ പ്രയാസപ്പെടുന്നവന്റെ വേദനകള്‍ ഏറ്റുവാങ്ങാന്‍, അവരെ ചേര്‍ത്തുപിടിക്കാന്‍, അവര്‍ക്കുവേണ്ടി കഷ്ടപ്പെടാന്‍, മനസ്സുകൊണ്ടും സഹായസഹകരണങ്ങള്‍ കൊണ്ടും അവന്റെ കൂടെനില്‍ക്കാന്‍ നിരന്തരമായി ഇസ്‌ലാം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം ശീലിക്കുന്നവനാണ് ഒരു യഥാര്‍ഥ വിശ്വാസി. മറ്റുള്ളവരെ കരുതി വീട്ടില്‍ അടങ്ങിയിരിക്കുന്നത് പോലും മുസല്‍മാന് ത്യാഗവും സുകൃതവുമാകുന്നത് അതുകൊണ്ടാണ്.

---- facebook comment plugin here -----

Latest