Connect with us

Articles

പ്രവാസ കേരളത്തിന് മന്ത്രിയുണ്ടാകുമോ?

Published

|

Last Updated

പ്രവാസി മന്ത്രി ഇക്കുറിയെങ്കിലും കേരളത്തില്‍ ഉണ്ടാകുമോ? കഴിഞ്ഞ ഇടതു സര്‍ക്കാറുകളില്‍ മുഖ്യമന്ത്രിമാരും യു ഡി എഫ് സര്‍ക്കാറില്‍ മറ്റു മന്ത്രിമാരുമാണ് പ്രവാസിവകുപ്പ് കൈകാര്യം ചെയ്തത്. അഥവാ ഒരു ഉപവകുപ്പ് പരിഗണനയേ പ്രവാസിക്ക് ലഭിച്ചിട്ടുള്ളൂ. രാഷ്ട്രീയ കേരളം സ്വതന്ത്ര വകുപ്പായി പരിഗണിക്കുകയും നിര്‍വഹിക്കുകയും ചെയ്യേണ്ട ഒരു സമൂഹം എന്ന പരിഗണന പ്രവാസിക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ഈ അന്വേഷണത്തിന്റെ കാതല്‍.

25 ലക്ഷത്തിലധികം മലയാളികള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ് കണക്ക്. രണ്ട് ലക്ഷത്തിലധികം പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയോളം പോന്ന സമൂഹമാണ് പ്രവാസി മലയാളികള്‍. 14 ജില്ലകള്‍ മാത്രമുള്ള ഒരു സംസ്ഥാനത്തിന് ഒരു ജില്ല അപ്രധാനമാകേണ്ട ഒന്നല്ല. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നവകേരളം സൃഷ്ടിച്ചത് പ്രവാസി മലയാളികളാണ് എന്ന നരേഷനില്‍ തീര്‍ച്ചയായും ചരിത്രപരമായ യാഥാര്‍ഥ്യമുണ്ട്. ബഹുമുഖ സാഹചര്യങ്ങളാല്‍ തിരിച്ചുവരവ്, അതിജീവനം, പുനരധിവാസം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് പ്രവാസികള്‍. ഒപ്പം പ്രവാസം പുതിയ ദേശങ്ങളിലേക്കും തലമുറയിലേക്കും പടരുന്നുണ്ട്.
ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയെന്ന് കണക്കുകളുണ്ട്. നേരത്തേ ഗള്‍ഫില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും മടങ്ങിയവര്‍ വേറെയും. ഈ രീതിയില്‍ കണക്കുകൂട്ടിയാല്‍ കേരളത്തിലെ പ്രവാസികളുടെ എണ്ണം അരക്കോടിക്ക് മുകളിലായിരിക്കും. പ്രവാസവുമായി നേരിട്ടും അല്ലാതെയും ബന്ധമില്ലാത്തതും ആശ്രയിക്കാത്തതുമായ കുടുംബങ്ങള്‍ വിരളമായിരിക്കും. മാനവവിഭവങ്ങളുടെ കാര്യത്തില്‍ ബഹുമുഖ പ്രതിഭാത്വത്തിന്റെ നിറവുള്ള സമൂഹം കൂടിയാണ് പ്രവാസികള്‍. എന്നിട്ടും ഈ സമൂഹത്തെ അടയാളപ്പെടുത്താവുന്ന വിധം സര്‍ക്കാറിന്റെ വകുപ്പ് വിന്യാസം ഉണ്ടായിട്ടില്ല. 30 ലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തിന്റെ പ്രതിനിധാനവും പരിഗണനയുമായാണ് പ്രവാസി മന്ത്രി കേരളത്തിന് ഉണ്ടാകേണ്ടത്. ഇത്തരമൊരു സന്ദേശമാണ് അധികാരമേല്‍ക്കാന്‍ പോകുന്ന പുതിയ ഇടത് സര്‍ക്കാറില്‍ നിന്ന് പ്രവാസികേരളം പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ജൈവിക ഘടനയില്‍ വനം, ജലം, വൈദ്യുതി, കൃഷി വകുപ്പുകള്‍ പോലെ ഗണിക്കപ്പെടേണ്ടതാണ് പ്രവാസി വകുപ്പും.

സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുമ്പോള്‍ പരിഗണിക്കപ്പെടേണ്ട നവ സാമൂഹിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള ചില വകുപ്പുകള്‍ കൂടിയുണ്ട്. ഇന്ത്യന്‍ സാമൂഹിക സാഹചര്യം നേരിടുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധി മതവര്‍ഗീയതയും വിദ്വേഷവുമാണ്. സഹിഷ്ണുത എന്ന മാനവിക വികാരം സമൂഹത്തിന്റെ ആശയമാക്കി മാറ്റുന്നതിന് സര്‍ക്കാറുകള്‍ക്ക് മുന്തിയ പരിഗണന നല്‍കാനാകും. സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും നമുക്കൊരു വകുപ്പും മന്ത്രിയും ഉണ്ടാകേണ്ടതല്ലേ. ആഭ്യന്തര കുഴപ്പങ്ങള്‍ വളരെക്കുറവുള്ള യു എ ഇയില്‍ സഹിഷ്ണുതാ വകുപ്പും മന്ത്രിയുമുണ്ട്. ലോകത്തെ 200ഓളം രാജ്യങ്ങളിലെ ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യം ലോകത്തിനു നല്‍കുന്ന സഹിഷ്ണുതയുടെ സന്ദേശം കൂടിയാണിത്.

നമ്മുടെ സാംസ്‌കാരിക വകുപ്പ് പരമ്പരാഗതമായി കലയും സാഹിത്യവും എന്നതില്‍ കേന്ദ്രീകരിച്ചു കിടപ്പാണ്. സാധാരണക്കാരുള്‍പ്പെടെ എല്ലാ വിഭാഗം മനുഷ്യരുടെയും സാംസ്‌കാരിക ജീവിതത്തെ സ്വാധീനിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ആശയങ്ങളിലേക്കും നിര്‍വഹണങ്ങളിലേക്കും സാംസ്‌കാരിക വകുപ്പിന്റെ പ്രവര്‍ത്തനം വ്യാപിക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും തലമുറകളിലേക്ക് പടര്‍ത്തുകയും ചെയ്യുക എന്നത് ഒരു സര്‍ക്കാര്‍ മിഷന്‍ കൂടി ആകേണ്ടതാണ്. വര്‍ഗീയത പടര്‍ന്നു പിടിക്കുമ്പോള്‍ നമ്മുടെ മതേതര അടിത്തറയെ ബലപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും മാത്രം ദൗത്യമല്ല. സര്‍ക്കാറിന്റെ കൂടി ദൗത്യമാകുമ്പോള്‍ നമ്മുടെ സാംസ്‌കാരിക വകുപ്പ് വികസിപ്പിക്കാനാകും. സാംസ്‌കാരിക വകുപ്പിന്റെ തന്നെ പരിഗണനയില്‍ സഹിഷ്ണുതയെ കൊണ്ടുവരാം.

സമൂഹത്തിന്റെ ആനന്ദം ഒരു സ്റ്റേറ്റിന്റെ മുഖ്യ പരിഗണനയില്‍ വരേണ്ടതുണ്ട്. ഹാപ്പിനസ് വകുപ്പും ഭരണ നിര്‍വഹണവും യു ഡി എഫ് പ്രകടന പത്രിക മുന്നോട്ടു വെച്ചിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങള്‍ മാതൃകയാക്കി പ്രദര്‍ശിപ്പിച്ച മികച്ച ആശയമാണിത്. ഹാപ്പിനസ് മിനിസ്ട്രിയും പ്രയോഗവും എന്തുകൊണ്ട് കേരളീയര്‍ക്ക് ഇടത്മുന്നണിയില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ. മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ സമൂഹ നിര്‍മാണം ലക്ഷ്യംവെക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഒട്ടും മാറ്റിവെക്കാവുന്ന ഒരാശയമായിരിക്കില്ല ഇത്. നമ്മുടെ സാമൂഹികക്ഷേമ വകുപ്പിനെ ഹാപ്പിനസ് വകുപ്പ് കൂടിയായി വികസിപ്പിക്കാവുന്നതാണ്. ഇടത് മുന്നണി പ്രയോഗിക്കുകയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ മുഴച്ചുനില്‍ക്കുകയും ചെയ്ത ഘടകമാണ് സാമൂഹികക്ഷേമം. ഏറെ പ്രാധാന്യമുള്ള ഈ വകുപ്പ് പക്ഷേ കേരളത്തില്‍ മന്ത്രിമാരുടെ പോര്‍ട്ട്‌ഫോളിയോയില്‍ അഭിമാനകരമായ ഒന്നായി പരിഗണിക്കപ്പെട്ടു കാണുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ത്തു നിര്‍ത്തേണ്ട ഒരു വകുപ്പു കൂടിയാണ് സാമൂഹികക്ഷേമം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമൂഹിക ക്ഷേമത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് കടന്നുവരാനും ഇത് വഴിയൊരുക്കും. ഗ്രാമവികസന മന്ത്രാലയത്തെയും തദ്ദേശഭരണ വകുപ്പുമായി ബന്ധിപ്പിച്ചു നിര്‍വഹിക്കുമ്പോഴാണ് പൂര്‍ണതയും പ്രായോഗികതയും കൈവരിക. ഓരോ പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും കുടുംബ പാര്‍ക്കുകളും വ്യായാമ സൗകര്യങ്ങളും ജോഗിംഗ് ട്രാക്കുകളും കളിക്കളങ്ങളും മറ്റു വിനോദ സൗകര്യങ്ങളും വികസിക്കേണ്ടതുണ്ട്. സോഷ്യല്‍ ഹാപ്പിനസ് ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് നമ്മുടെ സാമൂഹിക ജീവിതത്തെയാകെ മാറ്റിയെടുക്കാനാകും.

വിദേശ രാജ്യങ്ങളെയും ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും മാതൃകയാക്കി വനം വകുപ്പും പരിസ്ഥിതി വകുപ്പും സംയോജിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സൃഷ്ടിപരമായ ഇത്തരം ആലോചനകള്‍ നമ്മുടെ നാടിന്റെ പരിസ്ഥിതിയെയും വനസമ്പത്തിനെയും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായകമാകും.

ഒരു ഗ്രാമതലത്തില്‍ നിന്ന് ആലോചിച്ചാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ഒട്ടുമിക്ക സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാകേണ്ടതുണ്ട്. ഡിജിറ്റല്‍വത്കരണം സംഭവിച്ച കാലത്ത് ഇത് എളുപ്പം സാധ്യമാക്കാവുന്നതാണ്. പക്ഷേ ഇപ്പോഴത്തെ സ്ഥിതിയില്‍ ജനത്തിന് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും കൃഷി ആപ്പീസിലുമെല്ലാം മാറിമാറി കയറിയിറങ്ങേണ്ട സ്ഥിതിയാണ്. വകുപ്പുകളുടെ സംയോജനവും ഏകോപനവും ഏറെ പ്രധാനപ്പെട്ടതാണെന്നു ചുരുക്കം. കേരളത്തിന് നിയമ വകുപ്പുണ്ട്. പക്ഷേ ജനങ്ങളുടെ ആവശ്യത്തിനുള്ള നിയമ സഹായങ്ങളോ സേവനങ്ങളോ അല്ല ഇത്. നിയമ വകുപ്പിന്റെ സേവനം ജനകീയ സ്വഭാവത്തില്‍ പ്രാദേശിക തലത്തിലേക്ക് വികസിപ്പിക്കാനായാല്‍ ഒരുപാട് നിയമ വ്യവഹാരങ്ങള്‍ ഇല്ലാതാക്കാനും അതോടൊപ്പം ജനത്തിന് നീതിലഭ്യത ഉറപ്പു വരുത്താനും സാധിക്കും.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം അടിസ്ഥാന സൗകര്യങ്ങളിലും പഠന മികവിലും മെച്ചപ്പെട്ടപ്പോഴും ഇടത് ബുദ്ധിജീവികളില്‍ നിന്ന് പോലും വിമര്‍ശം നേരിട്ടുകൊണ്ടിരിക്കുന്ന വകുപ്പാണ് ഉന്നത വിദ്യാഭ്യാസം. ഇന്ത്യയില്‍ തന്നെ ഈ രംഗത്ത് പുരോഗതി നേടിയ ഇതര സംസ്ഥാനങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ പടുത്തുയര്‍ത്തപ്പെടേണ്ടതുണ്ട്. കാഴ്ചപ്പാടും നിര്‍വഹണ പ്രാപ്തിയുമുള്ള ഒരു മന്ത്രിയുടെ സാന്നിധ്യം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടാകേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ രോഗാതുര കാലത്ത് രാജ്യാന്തര പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ സാമൂഹികാരോഗ്യം എന്ന പരിഗണനയില്‍ കൂടുതല്‍ മേഖലകളിലേക്ക് ഈ വകുപ്പ് കടന്നുവരേണ്ടതുണ്ട്. സാമൂഹിക വിഭാഗങ്ങളില്‍ പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള സമൂഹമാണ് ഭിന്നശേഷിക്കാര്‍. ഭിന്നശേഷിക്കാരുടെ ജീവിതവും സൗകര്യങ്ങളും സവിശേഷ പരിഗണനയില്‍ തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്.
നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും സഹകരണമില്ലായ്മയും പാതയോരങ്ങളില്‍ വരെ കാണാനാകും. നഗരങ്ങളുടെ തിരക്കില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ആശുപത്രികളും യഥേഷ്ടമുണ്ട് നമ്മുടെ നാട്ടില്‍. അവ തിരക്കൊഴിഞ്ഞ ശാന്തമായ പ്രദേശങ്ങളിലേക്ക് മാറ്റാം. നഗരമധ്യത്തില്‍ കൊമേഴ്സ്യല്‍ സ്വഭാവത്തില്‍ വ്യവസായ വകുപ്പിനോ മറ്റോ കെട്ടിടങ്ങളുണ്ടാക്കി വരുമാനമുണ്ടാക്കാം. വകുപ്പുകള്‍ തമ്മിലെ ഭൂമി കൈമാറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഇത് സാധ്യമാകാതെ പോകുന്നതിന്റെ കാരണങ്ങള്‍. പുതിയ വകുപ്പുകളും ഫോക്കസുകളും ഏകോപനവും അനിവാര്യമാണെന്നതിലേക്കുള്ള സൂചനകളാണ് മുകളില്‍ കുറിച്ചത്. മുന്നണി രാഷ്ട്രീയത്തില്‍ വകുപ്പുകള്‍ പാര്‍ട്ടികള്‍ വീതം വെച്ചെടുക്കുന്നതും ഒരേ പാര്‍ട്ടിയില്‍ തന്നെ മന്ത്രിമാര്‍ക്കിടയില്‍ വകുപ്പുകള്‍ വിഭജിക്കുന്നതുമൊന്നും അവക്ക് ലഭിക്കേണ്ട പരിഗണന നഷ്ടപ്പെടുന്നതിന് കാരണമാകരുത്. ആ വിധം പൊതുഭരണ സംവിധാനം കാര്യക്ഷമമാകും എന്ന് പ്രത്യാശിക്കാം.

Latest