Connect with us

Gulf

റമസാനിലെ അവസാന വെള്ളി; ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി

Published

|

Last Updated

മക്ക-മദീന | പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിശ്വാസികള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. സഊദിയുടെ വിവിധ ദിക്കുകളില്‍ നിന്നുള്ളവര്‍ നേരെത്തെ തന്നെ ഹറമുകളിലെത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം.

വിശ്വാസികള്‍ തങ്ങളുടെ ഇബാദത്തുകള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കണമെന്നും ആരാധനകള്‍ക്ക് സൃഷ്ടാവിന് മുന്‍പില്‍ ഉന്നതമായ സ്ഥാനങ്ങളാണുള്ളതെന്നും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാം ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ ശൈഖ് പറഞ്ഞു. സൃഷ്ടാവിനോടുള്ള കടമയും , ഭക്തിയും നിലനിര്‍ത്താനും അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി.

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിതം ധന്യമാക്കാനും റമസാനില്‍ നേടിയ ആത്മ വിശുദ്ധി കൈവിടാതെ സൂക്ഷിക്കുവാനും മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ഡോ. സഊദ് ബിന്‍ ഇബ്രാഹിം അല്‍-ഷുറൈം ഖുതുബയില്‍ ഉണര്‍ത്തി.

സുരക്ഷയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. വിശുദ്ധ റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ എന്ന പദ്ധതി നിലവില്‍ വന്നതോടെ ഈ വര്‍ഷം കൂടുതല്‍ ആഭ്യന്തര തീര്‍ത്ഥാടകരാണ് മക്കയിലെത്തി ഉംറ കര്‍മ്മം നിര്‍വഹിക്കുന്നത്.

Latest